ഭോപ്പാല്‍- പതിനേഴുകാരിയെ ഫേസ്ബുക്ക് സുഹൃത്തും മറ്റ് രണ്ടുപേരും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലാണ് സംഭവം. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
നവംബര്‍ 21 നാണ് സംഭവമെന്ന് പെണ്‍കുട്ടി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. മുഖ്യപ്രതി രാമു കുശ്‌വാഹയുമായി ഫേസ്ബുക്ക് വഴി ബന്ധപ്പെട്ടിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. നവംബര്‍ 21 ന് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാണാന്‍ വരുന്നുവെന്ന് രാമുവില്‍ നിന്ന് കോള്‍ ലഭിച്ചത്.
കുറച്ച് സമയത്തിനുശേഷം, രാമു തന്റെ സുഹൃത്തുക്കളായ അരവിന്ദ്, ഛോട്ടേ ഖാന്‍ എന്നിവരോടൊപ്പം എസ്‌യുവി കാറിലെത്തി കയറാന്‍ ആവശ്യപ്പെട്ടു.
എംഎല്‍എ അജബ് സിംഗ് കുശ്‌വാഹയുടെ അനന്തരവനാണ് അരവിന്ദെന്ന് പറയുന്നു.
കാറില്‍ കയറാന്‍ വിസമ്മതിച്ചെങ്കിലും മൂവരും ചേര്‍ന്ന് ബലമായി കാറില്‍ കയറ്റി കൊണ്ടുപോകുകായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലത്തേക്ക് വാഹനമോടിച്ചു കൊണ്ടുപോയി മാറിമാറി ബലാത്സംഗം ചെയ്തു.
ലൈംഗികമായി പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഗ്വാളിയോര്‍ പോലീസ് സൂപ്രണ്ട് രാജേഷ് ചനാഡെല്‍ പറഞ്ഞു.