Sorry, you need to enable JavaScript to visit this website.

സ്‌കൂൾ ബസ്സും കുട്ടികളും വേണ്ട; നവകേരള സദസ്സിലെ വിവാദ ഉത്തരവുകൾ പിൻവലിച്ച് സർക്കാർ; ആരെ സന്തോഷിപ്പിക്കാനെന്ന് കോടതി

കൊച്ചി - നവകേരളാ സദസ്സിൽ സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന  ഉത്തരവും സ്‌കൂൾ ബസ് വിട്ടുനൽകണമെന്ന ഉത്തരവും പിൻവലിച്ചതായി കേരള സർക്കാർ. കേരളാ ഹൈക്കോടതിയിലാണ് പിണറായി സർക്കാർ വിവാദ ഉത്തരവുകൾ പിൻവലിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്. 
 കുട്ടികളെ ചൂഷണം ചെയ്യുന്ന ഇത്തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം ഉത്തരവുകൾ ഇറക്കി ഉദ്യോഗസ്ഥർ ആരെയാണ് സന്തോഷിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.
 ഉദ്യോഗസ്ഥൻ ഇത്തരമൊരു ഉത്തരവിറക്കിയതിന്റെ സാഹചര്യം പരിശോധിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. തുടർന്ന് സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്നും സ്‌കൂൾ ബസ്സുകൾ വിട്ടു നൽകണമെന്നുമുള്ള ഉത്തരവിനെതിരായ ഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിക്കുകയായിരുന്നു.
 നവകേരള സദസ്സ് തീർത്തും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ക്യാമ്പയിനാണെന്നിരിക്കെ സർക്കാർ സംവിധാനങ്ങളെ അതിന് ദുരുപയോഗപ്പെടുത്തുന്നതിനെതിരെ രൂക്ഷ വിമർശമാണ് കക്ഷിരാഷ്ട്രീയത്തിന് അതീതമായി സമൂഹത്തിൽനിന്ന് ഉയർന്നത്. സ്‌കൂൾ വിദ്യാർത്ഥികളെ നവകേരള സദസ്സിലേക്ക് ആനയിക്കുന്നതും സ്‌കൂൾ ബസ് നവകേരള സദസ്സിനായി വിട്ടുനൽകുന്നതുമുൾപ്പെടെയുള്ള പിണറായി സർക്കാറിന്റെ ഒത്തിരി നടപടികൾ രൂക്ഷ വിമർശം ക്ഷണിച്ചുവരുത്തിയതിന് പിന്നാലെയാണ് കോടതിയിൽ സർക്കാർ നിലപാട് തിരുത്താൻ സന്നദ്ധ അറിയിച്ചത്.
 കേന്ദ്ര സർക്കാർ പാഠ്യപദ്ധതിയിൽ കാവിവത്കരണത്തിന് നേതൃത്വം നൽകുമ്പോൾ പിണറായി സർക്കാർ കേരളത്തിൽ സ്‌കൂളുകളെ ചുവപ്പ് വത്കരിക്കാനുള്ള ശ്രമത്തിലായിരുന്നു. ഓരോ സർക്കാറും മാറി മാറി വരുമ്പോൾ തങ്ങളുടെ ഭരണകൂടത്തിന്റെ രാഷ്ട്രീയ യാത്രകൾക്ക് സർക്കാർ സ്‌കൂളുകളെയും വിദ്യാർത്ഥികളെയും അതിനുള്ള ചട്ടുകമാക്കുന്നത് ഭാവിയിൽ വൻ പ്രത്യാഘാതമുണ്ടാക്കുമെന്നും ചുണ്ടിക്കാണിക്കപ്പെട്ടിരുന്നു.
 

Latest News