Sorry, you need to enable JavaScript to visit this website.

'നവകേരള സദസ്സ് ഖലീഫ ഉമറിന്റെ ഭരണം പോലെ'; സാമ്യത്തിൽ സന്തോഷം, സർക്കാറിനുള്ള അംഗീകാരമെന്ന് മന്ത്രി പ്രസാദ്

(പൊന്നാനി) മലപ്പുറം - പിണറായി സർക്കാറിന്റെ നവകേരള സദസ്സ് ഖലീഫ ഉമറിന്റെ കാലത്തെ അറേബ്യൻ ഭരണത്തോട് ഉപമിച്ച് സംസാരം. ഇന്ന് പൊന്നാനിയിൽ നടന്ന നവകേരള സദസ്സിന്റെ പ്രഭാത പരിപാടിക്കിടെയുണ്ടായ ചർച്ചയിലാണ് നവകേരള സദസ്സിനെ ഖലീഫ ഉമറിന്റെ ഭരണവുമായി ഒരാൾ താരതമ്യപ്പെടുത്തി സംസാരിച്ചത്.
 ഈ അഭിപ്രായ പ്രകടനത്തിൽ വളരെ സന്തോഷമുണ്ടെന്നും കേരള സർക്കാറിനുള്ള വലിയ അംഗീകാരമാണീ അഭിപ്രായമെന്നും പൊന്നാനി ഹാർബർ മൈതാനിയിൽ നടന്ന നവകേരള സദസ്സിനിടെ കൃഷി മന്ത്രി പി പ്രസാദ് ആവേശപൂർവ്വം പ്രസംഗിച്ചു. 
 ജനങ്ങളുടെ ക്ഷേമത്തിനായി ഖലീഫ ഉമർ ഒരുകാലത്ത് നടപ്പാക്കിയ ഭരണരീതികളുമായി സാമ്യമുള്ള പരിപാടിയാണ് പിണറായി വിജയൻ സർക്കാറിന്റെ നവകേരള സദസെന്ന അഭിപ്രായം മന്ത്രി ചൂണ്ടിക്കാട്ടിയപ്പോൾ കരഘോഷത്തോടെയാണ് സദസ്സ് അതിനെ എതിരേറ്റത്.
 നവകേരള പരിപാടിയിൽ ലഭിക്കുന്ന നിർദേശങ്ങളും പരാതികളും വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ജനാധിപത്യത്തിൽ ഏറ്റവും വലിയ കാര്യം ജനങ്ങളുടെ ഇച്ഛയെ കണക്കിലെടുക്കുക എന്നതാണ്. രാജ്യത്തെ ദരിദ്രരെ മതിൽ കെട്ടിയും ബോർഡ് വെച്ചും മറച്ച് വികസനം ഉണ്ടെന്ന് വരുത്തി തീർക്കുകയാണ് ബി.ജെ.പി സർക്കാർ. എന്നാൽ കേരളം സ്വീകരിക്കുന്നത് ആ വഴിയല്ല. ഇന്ത്യയിൽ ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരളത്തിലാണ്. എന്നാൽ അത് കൊട്ടിഘോഷിച്ച് പറയാതെ നിലവിലുള്ള ദരിദ്ര വിഭാഗത്തെ ഉയർത്തി കൊണ്ടുവരാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.
 

Latest News