ദല്‍ഹിയില്‍ യുവതി ഭര്‍ത്താവിന്റെ ചെവി കടിച്ചെടുത്തു, ശസ്ത്രക്രിയ നടത്തി

ന്യൂദല്‍ഹി-തലസ്ഥാനത്ത് ദമ്പതികള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ യുവതി ഭര്‍ത്താവിന്റെ ചെവി കടിച്ചുമുറിച്ചു. ദല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലാണ് സംഭവം. ചെവിയുടെ മേല്‍ഭാഗം കടിച്ചെടുത്തതിനെ തുടര്‍ന്ന് 45 കാരന് ശസ്ത്രക്രിയ നടത്തിയതായും പോലീസ് പറഞ്ഞു.

യുവതിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതായി പോലീസ് പറഞ്ഞു.
നവംബര്‍ 20 നായിരുന്നു സംഭവം. ശസ്ത്രക്രിയക്കുശേഷം യുവാവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പുറത്തറിഞ്ഞത്.

രാവിലെ 9.20 ഓടെ മാലിന്യം കളയാന്‍ ഭര്‍ത്താവ് വീട്ടില്‍നിന്ന് പുറത്തുപോയതായിരുന്നു. പോകുമ്പോള്‍ വീട് വൃത്തിയാക്കാന്‍ ഭാര്യയോട് പറഞ്ഞിരുന്നു. തിരിച്ചെത്തിയപ്പോള്‍ കാരണമൊന്നുമില്ലാതെ ഭാര്യ തര്‍ക്കം തുടങ്ങുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു.
വീട് വില്‍പന നടത്തി ഷെയര്‍ നല്‍കണമെന്നും തന്നെയും മക്കളേയും വേറിട്ട് താമസിക്കാന്‍ അനുവദിക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടിരുന്നതായും ഭര്‍ത്താവ് പറയുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ച തന്നെ പിടിച്ചുവെച്ച് വലതു ചെവി കടിച്ചുമുറിക്കുകയായിരുന്നുവെന്നും മകനാണ് മംഗള്‍പുരിയിലെ സഞ്ജയ് ഗാന്ധി ഹോസ്പിറ്റലില്‍ എത്തിച്ചതെന്നും പരാതിയില്‍ പറഞ്ഞു.

 

Latest News