ഹമാസ് ഉപാധിക്ക് ഇസ്രായില്‍ വഴങ്ങുമോ? വെടിനിര്‍ത്തല്‍ നീട്ടാനുള്ള സാധ്യത വര്‍ധിച്ചു

ഗാസ-ഇസ്രായില്‍-ഹമാസ് കരാര്‍ നാലാം ദിവസത്തിലേക്ക് കടന്നിരിക്കെ, വെടിനിര്‍ത്തല്‍ നീട്ടാനുള്ള സാധ്യത വര്‍ധിച്ചു. വെടിനിര്‍ത്തല്‍ നീട്ടാന്‍ ഇസ്രായിലില്‍ കടുത്ത സമ്മര്‍ദമുണ്ടെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ ബന്ദികളെ വിട്ടയക്കാനും വെടിനിര്‍ത്തല്‍ നീട്ടാനും തയാറാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രായില്‍ ജയിലുകളില്‍നിന്ന് കൂടുതല്‍ ഫലസ്തീനികളെ വിട്ടയക്കുന്നതിന് ഗൗരവതരമായ നടപടികള്‍ ഇസ്രായിലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ഉപാധി ഹമാസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
രണ്ടു മുതല്‍ നാലും ദിവസം വരെ നിലവിലെ വെടിനിര്‍ത്തല്‍ നീട്ടാന്‍ സന്നദ്ധമാണെന്ന് മധ്യസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയത്ത് 20 മുതല്‍ 40 വരെ ബന്ദികളെ വിട്ടയക്കാന്‍ കഴിയുമെന്നും പറയുന്നു.
നവംബര്‍ 24 മുതല്‍ ഇതുവരെ 58 ബന്ദികളെയാണ് വിട്ടയച്ചത്. ഇവരിൽ ഇസ്രായിലികളും വിദേശികളും ഉൾപ്പെടുന്നു.ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായിലിൽ നടത്തിയ ആക്രമണത്തിൽ 240 പേരെയാണ് പിടികൂടി ബന്ദികളാക്കിയത്. ഗാസയിൽനിന്ന് ബന്ദികളെ വിട്ടയച്ചിതനു പകരം ഇസ്രായിൽ ജയിലുകളിൽനിന്ന് ഞായറാഴ്ച വരെ 117 ഫലസ്തീനി തടവുകാരെയാണ് മോചിപ്പിച്ചത്. വെടിനിർത്തൽ കരാറിന്റെ തുടക്കത്തിൽ ഇസ്രായിലികളെ മാത്രമേ ഹമാസ് വിട്ടയക്കുകയുള്ളൂവെന്ന് പറഞ്ഞിരുന്നുവെങ്കിലും വിട്ടയച്ചവരിൽ തായ് ലൻഡ്, റഷ്യ, അമേരിക്കൻ പൗരന്മാരും ഉൾപ്പെടുന്നു.

താൽക്കാലിക വെടിനിർത്തൽ അവസാന ദിവസത്തിലേക്ക്  കടന്നരിക്കെ, വെടിനിർത്തൽ നീട്ടാൻ അമേരിക്ക, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഇസ്രായിലിൽ സമ്മർദം ചെലുത്തിവരികയാണ്. ഇതുവഴി കൂടുതൽ ബന്ദികളെ മോചിപ്പിക്കാനും കൂടുതൽ മാനുഷിക സഹായം ഗാസയിൽ എത്തിക്കാനും സാധിക്കുമെന്ന് കരുതുന്നു.

ഹമാസുമായുള്ള യുദ്ധം രണ്ട് മാസം കൂടി നീളുമെന്നാണ് വെടിനിർത്തൽ കരാർ അംഗീകരിക്കുന്ന വേളയിൽ  ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്.

 

Latest News