Sorry, you need to enable JavaScript to visit this website.

ആരോഗ്യ മേഖലയിലെ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പുരസ്‌ക്കാരം കേരളത്തിന്

തിരുവനന്തപുരം- ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് 2023 കേരളത്തിന്. ഹീമോഫീലിയ, തലസീമിയ, സിക്കിള്‍സെല്‍ അനീമിയ എന്നിവയുടെ ചികിത്സയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ആശാധാര പദ്ധതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനാണ് പുരസ്‌ക്കാരം. 

ഗാവ്കണക്റ്റും ഐ- ലൂജ് മീഡിയയും ഐടി വകുപ്പും ചേര്‍ന്ന് ലഡാക്കില്‍ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ കോണ്‍ക്ലേവിലാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരോഗ്യ മേഖലയില്‍ വലിയ മുന്നേറ്റങ്ങളാണ് കേരള സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഡിജിറ്റല്‍ ഹെല്‍ത്ത് നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചു. 599 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് നടപ്പിലാക്കി. ഓണ്‍ലൈന്‍ ഒപി ടിക്കറ്റും പേപ്പര്‍ രഹിത ആശുപത്രി സേവനങ്ങളും യാഥാര്‍ഥ്യമാക്കി. ജീവിതശൈലീ രോഗനിര്‍ണയത്തിന് ഇ- ഹെല്‍ത്ത് ശൈലീ ആപ്പ് സജ്ജമാക്കി. ക്യാന്‍സര്‍ രോഗനിര്‍ണയത്തിനും ചികിത്സ ഏകോപിപ്പിക്കുന്നതിനും ക്യാന്‍സര്‍ ഗ്രിഡ്, ക്യാന്‍സര്‍ കെയര്‍ സ്യൂട്ട് നടപ്പിലാക്കി.

വിപുലമായ ഇ-സഞ്ജീവനി സേവനമൊരുക്കി. ലാബ് റിസള്‍ട്ട് എസ്എംഎസ് ആയി ലഭിക്കുന്ന സംവിധാനം നടപ്പിലാക്കി വരുന്നു. ഹൃദ്യം പദ്ധതി സേവനം ഓണ്‍ലൈനിലാണ്. ഇതുകൂടാതെയാണ് ആശാധാരയ്ക്കായി പുതിയ പോര്‍ട്ടല്‍ വികസിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 

ആശാധാര പദ്ധതിയുടെ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനും ഏകോപനത്തിനുമായി ആരോഗ്യ വകുപ്പിന് വേണ്ടി സി-ഡിറ്റ് ആണ് ആശാധാര പോര്‍ട്ടല്‍ വികസിപ്പിച്ചത്.

നിലവില്‍ രണ്ടായിരത്തിലേറെ പേര്‍ ആശാധാര വഴി രജിസ്റ്റര്‍ ചെയ്ത് ചികിത്സ തേടുന്നുണ്ട്. ഇവരുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രികള്‍ക്ക് രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും ഇത് ജില്ലാ, സംസ്ഥാന തലങ്ങളില്‍ പരിശോധിച്ച് മരുന്നുകള്‍ സംഭരിക്കുന്നതിനും ഭരണപരമായ തീരുമാനങ്ങള്‍ക്കും അശാധാര പോര്‍ട്ടല്‍ സഹായിക്കുന്നു.

കേരളത്തില്‍ ആശാധാര പദ്ധതി വഴി 96 കേന്ദ്രങ്ങളിലായാണ് ഹീമോഫീലിയ ചികിത്സ നല്‍കുന്നത്. താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളെജുകള്‍ വരെയുള്ള കേന്ദ്രങ്ങളിലാണ് നിലവില്‍ ചികിത്സാ സൗകര്യങ്ങളുള്ളത്. എല്ലാ ജില്ലകളിലും പ്രത്യേക ആശാധാര ചികിത്സാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു.

Latest News