ജറൂസലം- അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു കുട്ടി ഉള്‍പ്പെടെ എട്ട് ഫലസ്തീനികളെ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം. ഒക്ടോബര്‍ 7 മുതല്‍ വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ഇതോടെ 239 ആയി.
ശനിയാഴ്ച വൈകിട്ടും ഞായറാഴ്ചയുമായി ജെനിന്‍ നഗരത്തില്‍ ഇസ്രായില്‍ സൈന്യം അഞ്ച് ഫലസ്തീനികളെ വെടിവെച്ചു കൊന്നു, വെസ്റ്റ് ബാങ്കില്‍ മറ്റ് മൂന്ന് പേരെ കൂടി വധിച്ചതായി മന്ത്രാലയം പറഞ്ഞു. ജെനിനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ആറ് ഫലസ്തീനികള്‍ക്ക് പരിക്കേറ്റു.
പല ദിശകളില്‍ നിന്നും ജെനിനെ ആക്രമിച്ചു. സര്‍ക്കാര്‍ ആശുപത്രികളും റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആസ്ഥാനവും' ആക്രമണത്തിനിരയായി- ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണെന്ന് ഇസ്രായില്‍ സൈനിക വക്താവിന്റെ ഓഫീസ് അറിയിച്ചു.
ഇസ്രായില്‍ ആക്രമണത്തില്‍ 6,000 ത്തിലധികം കുട്ടികള്‍ ഉള്‍പ്പെടെ ഏകദേശം 15,000 ഫലസ്തീനികള്‍ കൊല്ലപ്പെട്ട ഗാസ മുനമ്പില്‍ ഇസ്രായിലും ഹമാസും തമ്മില്‍ നാല് ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് ഈ ആക്രമണം.
വെടിനിര്‍ത്തലിന്റെ ഭാഗമായി ശനിയാഴ്ച ഹമാസ് 13 ഇസ്രായിയലികളെയും നാല് തായ്‌ലന്‍ഡുകാരെയും വിട്ടയച്ചപ്പോള്‍, ഇസ്രായില്‍ 39 ഫലസ്തീന്‍ തടവുകാരുടെ രണ്ടാമത്തെ ബാച്ചിനെ മോചിപ്പിച്ചു. കൂടുതല്‍ ഇസ്രായിലി തടവുകാരെയും ബന്ദികളെയും ഇന്ന് മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.