ലണ്ടനില്‍ ഖലിസ്ഥാന്‍ അനുകൂലികളുടെ ഇന്ത്യാ വിരുദ്ധ റാലി; പിന്നില്‍ ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- ലണ്ടനിലെ ട്രഫല്‍ഗര്‍ ചത്വരത്തില്‍ ഖലിസ്ഥാന്‍ അനുകൂലികളായ സിഖ് വംശജര്‍ നടത്തി ഇന്ത്യാ വിരുദ്ധ റാലിയെ കുറിച്ച് നരേന്ദ്ര മോഡി സര്‍ക്കാര്‍ മൗനം തുടരുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പഞ്ചാബില്‍ വീണ്ടും തീവ്രവാദികളെ പുനരുജ്ജീവിപ്പിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതു സംബന്ധിച്ച് ബി.ജെ.പി-അകാലി ദള്‍ സഖ്യം മൗനം പാലിക്കുന്നത് സംശയകരമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല ആരോപിച്ചു. '56 ഇഞ്ച്' മോഡി സര്‍ക്കാര്‍ മൗനം തുടരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

പഞ്ചാബ് സ്വതന്ത്ര പരമാധികാര രാജ്യമാക്കി മാറ്റുന്നതിന് 2020ല്‍ ഹിത പരിശോധന വേണമെന്നാവശ്യപ്പെട്ടാണ് ഞായറാഴ്ച രണ്ടായിരത്തോളം സിഖ് വംശജര്‍ ട്രഫല്‍ഗര്‍ ചത്വരത്തില്‍ ലണ്ടന്‍ ഡിക്ലറേഷന്‍ എന്ന പേരില്‍ റാലി നടത്തിയത്. 2020ഓടെ പഞ്ചാബിനെ സ്വതന്ത്രമാക്കാനുള്ള പ്രചാരണത്തിന്റെ തുടക്കമായിട്ടാണ് സംഘാടകര്‍ റാലിയെ വിശേഷിപ്പിച്ചത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് ആണ് റാലി സംഘടിപ്പിച്ചത്. ലണ്ടനിലെ സിഖ് സംഘടനകളുടം പിന്തുണച്ചു. 

ഖലിസ്ഥാന്‍ അനുകൂല റാലിയെ പ്രതിരോധിക്കാന്‍ ഇതേദിവസം തന്നെ ഇന്ത്യ സിഖ് മതസ്ഥാപകന്‍ ഗുരു നാനാക്കിന്റെ 550ാം ജന്മദിനാഘോഷവം ലണ്ടനില്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യദിനാഘോഷം കൂടിയായി മാറിയ ഈ റാലിയില്‍ നൂറുകണക്കിന് ഇന്ത്യക്കാര്‍ പങ്കെടുത്തു. ഖലിസ്ഥാന്‍ റാലി തടയാന്‍ നേരത്തെ ഇന്ത്യ ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായ പ്രകടിപ്പിച്ച് ഒത്തു കൂടാന്‍ അവകാശമുണ്ടെന്നും ഇതു തടയാനാവില്ലെന്നും അറിയിക്കുകയായിരുന്നു. 


 

Latest News