കോഴിക്കോട്ടും കോണ്‍ഗ്രസ്, മുസ്‌ലീം ലീഗ് പ്രാദേശിക നേതാക്കള്‍ നവകേരള സദസിന്റെ പ്രഭാത പരിപാടിയില്‍ പങ്കെടുത്തു

കോഴിക്കോട് - മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനെതിരെ പ്രതിപക്ഷം വലിയ തോതിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നതിനിടെ കോഴിക്കോട്ടും കോണ്‍ഗ്രസ്, മുസ്‌ലീം ലീഗ് പ്രാദേശിക നേതാക്കള്‍ നവകേരള സദസ്സിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുള്ള കൂട്ടിക്കാഴ്ചയില്‍ പങ്കെടുത്തു.  കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കോണ്‍ഗ്രസ്, ലീഗ് നേതാക്കളാണ് നവകേരള സദസ് പ്രഭാത യോഗത്തില്‍ പങ്കെടുത്തത്. കുന്ദമംഗലം ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് നേതാവായ എന്‍. അബൂബക്കര്‍, മുസ്‌ലീം ലീഗ് പ്രാദേശിക നേതാവും ചുരം സംരക്ഷണ സമിതി പ്രസിഡന്റുമായ മൊയ്തു മുട്ടായി, മുസ്‌ലീം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ  ഹുസൈന്‍ എന്നിവരാണ് ഓമശ്ശേരിയില്‍ പ്രഭാത യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് പെരുവയല്‍ മണ്ഡലം മുന്‍ പ്രസിഡന്റ് കൂടിയാണ് എന്‍. അബൂബക്കര്‍.  ചുരത്തിലെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് യോഗത്തിനെത്തിയതെന്ന് മുസ്‌ലീം ലീഗ് പ്രദേശിക നേതാവ് മൊയ്തു പ്രതികരിച്ചു. കാസര്‍കോട്ട് കഴിഞ്ഞ ദിവസം മുസ്‌ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം നവകേരള സദസ്സിന്റെ ഭാഗമായുള്ള പ്രഭാത പരിപാടിയായ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.

 

Latest News