കൊച്ചി - കളമശ്ശേരി കുസാറ്റ് ക്യാംപസിലെ ധിഷണ ടെക് ഫെസ്റ്റിൽ നാലു പേരുടെ മരണത്തിനും നിരവധി വിദ്യാർത്ഥികളുടെ പരുക്കിനും ഇടയാക്കിയത് ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങുന്ന ചവിട്ടു പടികളിലുണ്ടായ വിദ്യാർത്ഥികളുടെ വീഴ്ച. പുറത്ത് നല്ല മഴ പെയ്തപ്പോൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഗേറ്റ് തുറക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ പുറത്തുനിന്ന് ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു.
ഇരച്ചുകയറ്റത്തിനിടെ പ്രവേശന കവാടം കഴിഞ്ഞ് നേരെ ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങുന്ന സ്‌റ്റെപ്പുകളിൽ വിദ്യാർത്ഥികൾ ഓരോരുത്തരായി വീഴുകയായിരുന്നു. ആളുകളുടെ തള്ളിച്ചയിൽ ഈ പടികളിൽ വീണവരുടെ മേൽക്കുമേലെ കൂടുതൽ പേർ വീണതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.
ഗേറ്റ് കടന്നയുടൻ തന്നെ താഴേക്കുള്ള സ്റ്റെപ്പുകളായതിനാൽ ആദ്യം വീണവർക്കു പിന്നാലെയെത്തിയവർ ഇവർക്ക് മേൽക്കുമേലെ വീണ് രക്ഷപ്പെടാനാകാതെ പലരും അടിയിൽ കുടുങ്ങുകയായിരുന്നു.
പരിപാടിയിൽ പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരുന്നുവെങ്കിലും മഴ പെയ്തതോടെ പാസ് ഇല്ലാത്തവർ അടക്കം ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സന്തോഷത്തിന്റെ സംഗീത രാവാണ് നാടിനെ നടുക്കിയ ദുരന്തത്തിന്റെ രാവായി മാറിയത്.
അപകടത്തിൽ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമടക്കം മരിച്ച നാല് വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റൂഫ്ത, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ്, കൊച്ചിയിലെ മറ്റൊരു കോളെജിൽ പഠിക്കുന്ന പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ആശുപത്രിയിലെത്തും മുമ്പേ നാലുപേരും മരിച്ചതായാണ് വിവരം. പരുക്കേറ്റ 72 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്.