26 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

കറാച്ചി- പാക്കിസ്ഥാനില്‍ ഇംറാന്‍ ഖാന്റെ നേതൃത്തിലുള്ള പുതിയ സര്‍ക്കാര്‍ ഭരണമേല്‍ക്കുന്നതിനു മുന്നോടിയായി 26 ഇന്ത്യന്‍ മത്സതൊഴിലാളികളെ മോചിപ്പിച്ചു. പാക് കടല്‍ അതിര്‍ത്തി ലംഘിച്ചതിന് പിടിയിലായവരായിരുന്നു ഇവര്‍. കറാച്ചിയിലെ മാലിര്‍ ജയിലിലായിരുന്ന ഇവരെ ട്രെയ്ന്‍ മാര്‍ഗം ലാഹോറിലെത്തിച്ചു. വാഗ അതിര്‍ത്തിയില്‍ ഇന്ത്യന്‍ അധികൃതര്‍ക്കു കൈമാറുമെന്നും പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇവരുടെ യാത്രാ ചെലവുകള്‍ പാക്കിസ്ഥാനിലെ പ്രശസ്ത ചാരിറ്റി സംഘടനയായ എദി ഫൗണ്ടേഷനാണ് വഹിക്കുന്നത്. സമൂഹത്തിലെ ഏറ്റവും ദരിദ്രവിഭാഗത്തില്‍പ്പെട്ട മത്സ്യ തൊഴിലാളികളുടെ കാര്യത്തില്‍ പാക്കിസ്ഥാനും ഇന്ത്യയും ചട്ടങ്ങള്‍ ഇളവു വരുത്തണമെന്ന് എദി ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അറബിക്കടലില്‍ കൃത്യമായ അതിര്‍ത്തി നിര്‍ണയിക്കാത്തതു കാരണം മത്സ്യതൊഴിലാളികള്‍ പിടിയിലാകുന്നത് പതിവാണ്. പലപ്പോഴും ലൊക്കേഷന്‍ കൃത്യമായി അറിയാന്‍ സംവിധാനങ്ങളിലാത്ത നാടന്‍ ബോട്ടുകള്‍ ഉപയോഗിക്കുന്ന മത്സ്യതൊഴിലാളികളാണ് പിടിയിലാകാറുള്ളത്.

പാക്കിസ്ഥാനില്‍ ഇംറാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ് രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഭരണമേല്‍ക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പുതിയ സര്‍ക്കാരിന് അധികാരം കൈമാറുന്നതിന് ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ പ്രഥമ സമ്മേളനം നടക്കാനിരിക്കുകയാണ്. പ്രസിഡന്റ് മഅ്മൂന്‍ ഹുസൈന്‍ പാര്‍ലമെന്റിന്റെ അധോസഭയായ നാഷണല്‍ അസംബ്ലി സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
 

Latest News