മതംമാറ്റം ആരോപിച്ച് ഡോക്ടറെ പുറത്താക്കി; ബോധ്യപ്പെടാതെ കോടതി

ന്യൂദല്‍ഹി-  ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള അഭിപ്രായ സ്വാതന്ത്ര്യ മൗലികാവകാശത്തിന് വിദേശ ഇന്ത്യന്‍ പൗരന്മാരും (ഓവര്‍സീസ് സിറ്റിസന്‍സ് ഓഫ് ഇന്ത്യ-ഒ.സി.ഐ)അര്‍ഹരാണെന്ന് ദല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.
 
മിഷണറി പ്രവര്‍ത്തനം ആരോപിച്ച് ഒ.സി.ഐ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിനെതിരെ അമേരിക്കയില്‍ കഴിയുന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഒ.സി.ഐ റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കിയതു സംബന്ധിച്ച് കോടതി കേന്ദ്രസര്‍ക്കാരില്‍നിന്ന് വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഡോ. ക്രിസ്‌റ്റോ തോമസ് ഫിലിപ്പ് ജനിച്ചത് അമേരിക്കയിലാണെങ്കിലും താന്‍ ജനിച്ചത് കേരളത്തിലാണെന്ന് ഡോ.ക്രിസ്‌റ്റോ അവകാശപ്പെടുന്നു.

ബിഹാറില്‍ മിഷണറി പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഒ.സി.ഐ പദവി റദ്ദാക്കിയതിനെയാണ് ഇദ്ദേഹം കോടതിയില്‍ ചോദ്യം ചെയ്തത്. ഡോക്ടറുടെ ജന്മസ്ഥലം സംബന്ധിച്ച വസ്തുതാപരമായ പിശകും മെഡിക്കല്‍ മിഷണറിയായി പ്രവര്‍ത്തിച്ചതിന് തെളിവില്ലാത്തതും കോടതി ചൂണ്ടിക്കാട്ടി.
 
തനിക്കെതിരായ നടപടിക്ക് തെളിവില്ലെന്നും ഇന്ത്യയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മിഷണറി,മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഡോ.ക്രിസ്‌റ്റോ വാദിച്ചു.
 
2012 നവംബര്‍ 22 നാണ് ഡോ. ക്രിസ്റ്റോ ഫിലിപ്പിന് ഒ.സി.ഐ കാര്‍ഡും ആജീവനാന്ത വിസയും അനുവദിച്ചതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2014 ജനുവരി മുതല്‍ ബിഹാറിലെ റക്‌സോളിലുള്ള ഡങ്കാന്‍ ഹോസ്പിറ്റലില്‍ ഡോക്ടറായി സന്നദ്ധ സേവനമര്‍പ്പിക്കാന്‍ നിരവിധി തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പരാതിക്കാരന്‍ ബോധിപ്പിക്കുന്നു. 2016 ഏപില്‍ 26 നിയമവിരുദ്ധമയാണ് തന്നെ ദല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്ന് നാടുകടത്തിയതെന്നും അദ്ദേഹം വാദിക്കുന്നു.
 
അമേരക്കയിലെ ഹൂസ്റ്റണിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഡോ.ക്രിസ്‌റ്റോ ഫിലിപ്പിന്റെ ഒ.സി.ഐ കാര്‍ഡ് റദ്ദാക്കിയത്.
 

Latest News