ഗാസ- ഇസ്രായിലും ഫലസ്തീനും വെള്ളിയാഴ്ച ബന്ദികളെയും തടവുകാരെയും കൈമാറ്റം ചെയ്തതോടെ 8 വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ ഉമ്മയും മകളും വീണ്ടും ഒന്നിക്കുന്നതിന്റെ വികാരനിര്‍ഭരമായ വീഡിയോ വൈറലായി.
39 ഫലസ്തീനികള്‍ വര്‍ഷങ്ങളുടെ വേര്‍പിരിയലിന് ശേഷം കുടുംബങ്ങളിലേക്ക് മടങ്ങാനിടയാക്കിയ വെടിനിര്‍ത്തലിനെ ശ്ലാഘിക്കുകയാണ് ഫലസ്തീനികള്‍. അത്തരത്തിലുളള ഒരു കഥയാണ് മലക് സല്‍മാന്റെത്.
മലക്ക് വീട്ടില്‍ പ്രവേശിച്ച് ഉമ്മയുടെ ആലിംഗനത്തിനായി ഓടിയെത്തുന്ന നിമിഷം പകര്‍ത്തിയ വീഡിയോ ആണ് ലോകമെങ്ങും പരന്നത്. രണ്ടുപേരും പരസ്പരം ആശ്ലേഷിച്ച് പൊട്ടിക്കരയുന്നു.
'ഇസ്രായില്‍ പോലീസ് ഞങ്ങളുടെ വീട്ടില്‍ ഉണ്ട്, ഞങ്ങളെ കാണാന്‍ വരുന്ന ആളുകളെ തടയുന്നു - മലാക്കിന്റെ ഉമ്മ ഫാത്തിന സല്‍മാന്‍ പറഞ്ഞു. 'എന്റെ മകള്‍ ദുര്‍ബലയാണ്, അവള്‍ ഇന്നലെ മുതല്‍ ഭക്ഷണം കഴിച്ചിട്ടില്ല.'
ഗാസയില്‍ ഹമാസ് മോചിപ്പിച്ച ബന്ദികളുടെ ആദ്യ ബാച്ചിന് പകരമായി ഇസ്രായില്‍ ജയിലുകളില്‍നിന്ന് ഫലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചതില്‍ പടക്കം പൊട്ടിച്ചാണ് പലരും സന്തോഷം പ്രകടിപ്പിച്ചത്.