ന്യൂദല്‍ഹി - ദുശ്ശകുനം, പോക്കറ്റടിക്കാരന്‍ തുടങ്ങിയ വിശേഷണങ്ങളോടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരിഹസിച്ച രാഹുലിന് അതേനാണയത്തില്‍ തിരിച്ചടിച്ച് ബി.ജെ.പി. രാഹുല്‍ ഗാന്ധിയെ ട്യൂബ്‌ലൈറ്റ് എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ബി.ജെ.പി പുറത്തിറക്കി. 'ഫ്യൂസ് ട്യൂബ്‌ലൈറ്റ്' എന്ന തലക്കെട്ടോടെയുള്ള പോസ്റ്റര്‍ എക്‌സിലാണ് പങ്കുവെച്ചത്. 'മെയ്ഡ് ഇന്‍ ചൈന' എന്നും 'കോണ്‍ഗ്രസ് പ്രസന്റ്‌സ് രാഹുല്‍ ഗാന്ധി ഇന്‍ ആന്റ് ആസ് ട്യൂബ്‌ലൈറ്റ്' എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.
2020ല്‍ ലോക്‌സഭയില്‍ പ്രസിഡന്റിന്റെ പ്രസംഗത്തിനുള്ള പ്രധാനമന്ത്രിയുടെ നന്ദിപ്രമേയത്തിനിടെ ഇടപെടാന്‍ എഴുന്നേറ്റതിന് രാഹുല്‍ ഗാന്ധിയെ നരേന്ദ്രമോഡി ട്യൂബ്‌ലൈറ്റുമായി താരതമ്യം ചെയ്തിരുന്നു. 'കഴിഞ്ഞ 30-40 മിനുറ്റു നേരമായി ഞാന്‍ സംസാരിക്കുകയാണ്. എന്നാല്‍ ഇതെല്ലാം അവിടെയെത്താന്‍ ഇത്രയും സമയമെടുത്തു. പല ട്യൂബ്‌ലൈറ്റുകളും ഇങ്ങനെയാണ്', എന്നായിരുന്നു മോഡി പറഞ്ഞത്.
'ആറു മാസത്തിനുള്ളില്‍ യുവാക്കള്‍ മോഡിയെ വടികൊണ്ട് അടിക്കുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറയുന്നത് ഞാന്‍ കേട്ടു. എന്റെ മുതുകിന് ഇത്രയധികം വടികളുടെ അടി സഹിക്കാന്‍ കഴിയുന്ന തരത്തില്‍ 'സൂര്യ നമസ്‌കാരം' വര്‍ധിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു.