Sorry, you need to enable JavaScript to visit this website.

ഫലസ്തീനെ നെഞ്ചിലേറ്റി ചിലിയിലെ ഒരു ഫുട്ബോള്‍ ക്ലബ്ബ്

ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോ നഗരത്തിൽ 'ലാ സിസ്റ്റെർന മുനിസിപ്പൽ സ്റ്റേഡിയം'എന്നൊരു ഫുട്ബോൾ മൈതാനമുണ്ട്.  അവിടെ കളി നടക്കുമ്പോൾ ഫലസ്തീൻ പതാകകൾ പാറിക്കളിക്കുകയും ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴങ്ങി കേൾക്കുകയും ചെയ്യും. ക്ലേശങ്ങളുടെ വിളഭൂമിയായ ഫലസ്തീനെ എന്നും ഹൃദയത്തിലേറ്റിയ ഒരുപറ്റം മനുഷ്യരുടെ ഇഷ്ട ക്ലബ്ബായ ഡിപോർട്ടീവോ ഫാലസ്ഥീനോയുടെ ഹോം ഗ്രൗണ്ടാണത്. ഫലസ്തീനിലെ ഗാസയിൽ അന്താരാഷ്ട്ര മര്യാദകളെയും നിയമങ്ങളെയും കാറ്റിൽ പറത്തി ഇസ്രായിൽ കണ്ണിൽ ചോരയില്ലാത്ത മനുഷ്യക്കശാപ്പ് നടത്തുമ്പോൾ ചിലിയിലെ മുൻനിര ക്ലബ്ബുകളിൽ ഒന്നായ ഡിപോർട്ടീവോ ഫാലസ്ഥീനോയും അതിന്റെ ആരാധകരും വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഹൃദയത്തിലും ജഴ്സിയിലും ഫലസ്തീൻ പതാകയുടെ നിറങ്ങളണിഞ്ഞ ഈ ടീമിന് ഫലസ്തീനുമായി ഹൃദയത്തിൽ തട്ടുന്നൊരു ബന്ധമുണ്ട്. 1920 ൽ രൂപം കൊണ്ട ഫാലസ്ഥീനോയുടെ ഇന്നത്തെ ആരാധകരുടെ മുൻതലമുറകൾ അഭയാർത്ഥികളായും കുടിയേറ്റക്കാരായും ഫലസ്തീനിൽ നിന്ന് ചിലിയിൽ എത്തിയവരാണ്. 1850കളിലെ ക്രീമിയ യുദ്ധക്കാലത്തും ഓട്ടോമൻ ഭരണക്കാലത്തെ സാമ്പത്തിക സാമൂഹിക കാരണങ്ങളാലും ഇസ്രായേൽ അധിനിവേശത്തിൽ അഭയാർത്ഥികളായി എത്തിയവരുമെല്ലാം ഇവരിൽ ഉൾപ്പെടും.ആൻഡേസ് പർവതനിരകൾ കടന്ന് ബെലെൻ,ബെയ്ത് സഹുർ, ബെയ്ത് സഫാഫ എന്നീ പ്രദേശങ്ങളിൽ നിന്നെത്തിയ ഇവരിൽ ബഹുഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികളായിരുന്നു. ആദ്യമൊക്കെ ചിലിയിലെ ജനത അവരോട് വിമുഖത കാണിച്ചിരുന്നെങ്കിലും വൈകാതെ ഇരു കൂട്ടർക്കുമിടയിൽ സ്നേഹത്തിന്റെ വാതായനങ്ങൾ തുറന്നു. ആ കുടിയേറ്റ സമൂഹം കാലക്രമേണ തുണി വ്യവസായത്തിലും ഇൻഷുറൻസ് മേഖലയിലും പടർന്നു പന്തലിച്ചു. 1920ലാണ് ക്ലബ്ബ് രൂപീകരിച്ചതെങ്കിലും, ടീമിനെ പ്രൊഫഷണൽ തലത്തിലേക്ക് നയിച്ചത് ഫാദർ ഹാസ്ബന്റെ നേതൃത്വത്തിലുള്ള ഒരുപറ്റം യുവാക്കളായിരുന്നു. 1952-ൽ ചിലിയൻ ആഭ്യന്തരലീഗിലെ രണ്ടാം ഡിവിഷനിൽ അരങ്ങേറ്റം കുറിക്കുകയും ഡിപോർട്ടിവോ ഫാലസ്തീനോ അതിൽ ജേതാക്കളാവുകയും ചെയ്തു. അത് ക്ലബ്ബിനെ ഒന്നാം ഡിവിഷനിലേക്ക് യോഗ്യരാക്കി. തങ്ങളുടെ  സംസ്കാരവും സ്വതവും തകർക്കപ്പെട്ട് അഭയാർത്ഥികളായി മാറിയ ഫലസ്തീൻ പൗരന്മാർക്കും അവരുടെ പിൻഗാമികൾക്കും അത് വലിയ സന്തോഷം നൽകി. തുടക്കത്തിൽ ഫലസ്തീൻ വംശജരായ കളിക്കാർക്ക് മാത്രമായിരുന്നു ടീമിൽ അവസരം ലഭിച്ചിരുന്നത്. എന്നാൽ ഫാദർ ഹാസ്ബൻ ക്ലബ്ബിന്റെ നേതൃത്വത്തിലേക്ക് വന്നതോടെ കാര്യങ്ങൾ മാറിത്തുടങ്ങി. ഫലസ്തീൻ വംശജരല്ലാത്ത താരങ്ങളും ടീമിന്റെ അഭിവാജ്യ ഘടകമായി  മാറി. വൈകാതെ ചിലിയിലെ മുൻനിര ക്ലബ്ബുകളിൽ ഒന്നായി ഡിപോർട്ടിവോ ഫാലസ്തീനോ മാറി. ചിലി പ്രൈമറ ഡിവിഷനിൽ രണ്ടുതവണ ജേതാക്കളായ ടീം കോപ്പാ ചിലിയിൽ 2018-ൽ അടക്കം മൂന്നുതവണ ചാമ്പ്യന്മാരായിട്ടുണ്ട്. കൂടാതെ ചിലിയൻ സൂപ്പർ കപ്പിലും  ക്ലബ്ബ് വലിയ നേട്ടങ്ങൾ കൊയ്തു.

ക്ലബ്ബിന്റെ ഓരോ മത്സരങ്ങളും വൈകാരികമായിട്ടാണ് ആരാധകർ കണ്ടത്. വിജയങ്ങളിലെല്ലാം അവർ ഫലസ്തീൻ എന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി  ആർത്തു വിളിച്ചു. ഒരു പ്രദേശത്തെയും അവിടുത്തെ ജനതയെയും തുടച്ചു നീക്കി വൻശക്തികളുടെ പിന്തുണയോടെ സ്ഥാപിച്ചടുത്ത ഇസ്രായേലിനെതിരെ അവർ പ്രതിഷേധങ്ങൾ ഉയർത്തി. അറബ് സംസ്കാരത്തിന്റെ പ്രതീകമായ കഫീയ അണിഞ്ഞ് ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 'തങ്ങളുടെയും വരും തലമുറയുടെയും അസ്ഥിത്വം എന്നും ഫലസ്തീനാണ്. ഡിപോർട്ടീവോ ഫാലസ്ഥീനോയുടെ ഹൃദയവും അങ്ങനെയായിരിക്കും'. ഓരോ മത്സരവും കാണാനെത്തുന്ന ആരാധകരുടെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളായിരുന്നു അത്.2014-ൽ ഫലസ്തീൻ പതാകയുടെ നിറമുള്ള അവരുടെ ജഴ്സിയിൽ ഒന്നാം നമ്പറിന് പകരം 1948 നു മുമ്പുള്ള പൂർവ്വ ഫലസ്തീന്റെ നീളൻ ഭൂപടം നൽകിയത് വലിയ വിവാദമായിരുന്നു. ലാറ്റിനമേരിക്കലും ആഫ്രിക്കൻ രാജ്യങ്ങളിലും ആ ജഴ്സികൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. അതിൽ പ്രതിഷേധിച്ച് ചിലിയിലെ ജൂതസമൂഹം ചിലി ഫുട്ബോൾ അസോസിയേഷന് പരാതി നൽകി. ഫുട്ബോളിൽ രാഷ്ട്രീയം വേണ്ടെന്ന മുന്നറിയിപ്പോടെ അസോസിയേഷൻ ഫാലസ്തീനോക്കെതിരെ 15000 ഡോളർ പിഴ ചുമത്തുകയും ചെയ്തു. എത്ര തവണ പിഴ അടയ്ക്കേണ്ടി വന്നാലും തങ്ങൾ എല്ലാ കാലവും ഫലസ്തീന് വേണ്ടി നിലകൊള്ളും എന്നായിരുന്നു ക്ലബ്ബിന്റെ നിലപാട്. ഫലസ്തീനിന്റെ രണ്ടാം ദേശീയ ടീം എന്ന അപരനാമമുള്ള  ക്ലബ്ബിന്റെ പേരിൽനിന്ന് ഫാലസ്തീനോ എന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചിലിയിലെയും മറ്റ് രാജ്യങ്ങളിലെയും ജൂതസംഘടനകൾ കോടികളുടെ ഓഫറുമായി ക്ലബ്ബിനെ സമീപിച്ചു.ഫാലസ്തീനോ ആ ഓഫറിനെ പുച്ഛത്തോടെ തള്ളുകയാണ് ചെയ്തത്. ഹൃദയത്തിലും രക്തത്തിലും അലിഞ്ഞുചേർന്ന ഒരു വികാരത്തെ ആർക്കും വിൽപ്പന വസ്തുവാക്കാൻ പറ്റില്ലല്ലോ. ഇന്ന് ചിലിയിൽ ഫലസ്തീൻ വംശജരുടെ പിന്മുറക്കാർ അഞ്ചു ലക്ഷത്തോളമുണ്ട്. ചിലിസ്ഥീനികൾ എന്നാണ് അവർ അറിയപ്പെടുന്നത്. അതിൽ 95 ശതമാനവും ക്രിസ്തുമത വിശ്വാസികളാണ്. മുസ്ലീങ്ങൾ വളരെ ചുരുക്കവും. ഇന്ന് ചിലിയിലെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വ്യവഹാരങ്ങളിൽ അവരെ അവഗണിക്കാൻ കഴിയില്ല. വ്യവസായ വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെല്ലാം അവരുടെ സ്വാധീനം ശക്തമാണ്.1990-ൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ സാന്റിയാഗോയിൽ ഇൻഫർമേഷൻ ഓഫീസ് സ്ഥാപിച്ചതും,2011-ൽ ചിലി ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചതുമെല്ലാം അതിന്റെ ഉദാഹരണങ്ങളായി കാണാം. അത്യാധുനിക ആയുധങ്ങളോടെ വംശവെറി മാറാത്ത ഒരു രാഷ്ട്രം നിരാലംബരായ നിരായുധരായ ഒരുപറ്റം മനുഷ്യരുടെ മേൽ തീ ചൊരിയുമ്പോൾ ഗസ്സയിൽ ജീവിക്കുക എന്നത് തന്നെ ഒരുതരത്തിൽ  പോരാട്ടവും സമരവുമാണ്. കാലങ്ങളായി ഒരു ജനത അനുഭവിക്കുന്ന നരകയാതനകൾക്ക് നേരെ ലോകം കണ്ണടയ്ക്കുമ്പോൾ ഡിപോർട്ടീവോ ഫാലസ്തീനോ അവരെ ഹൃദയത്തോട് ചേർത്തു പിടിക്കുകയാണ്. ഗസ്സയിൽ നിന്നും പതിമൂവായിരത്തോളം കിലോമീറ്റർ അകലെയുള്ള സാന്റിയാഗോയിലെ ലാ സിസ്റ്റെർന സ്റ്റേഡിയത്തിലിരുന്ന് ചിലിസ്ഥീനികൾ ഇനിയും ഉറക്കെ വിളിച്ചു പറയും.' യാ ഫലസ്തീൻ നീ സ്വതന്ത്രയാവുക.' അവരും അവരുടെ വരുംതലമുറയും എല്ലാ കാലവും അങ്ങനെയായിരിക്കും. കാരണം അവർ ആത്മാഭിമാനവും നിശ്ചയദാർഢ്യവുമുള്ള ഫലസ്തീനികളുടെ പിന്മുറക്കാരാണല്ലോ.

Latest News