ഭാര്യയുടെ റീല്‍സിന് കാണികളും ആണ്‍  സുഹൃത്തുക്കളും കൂടി, ഭര്‍ത്താവ് കൊലപ്പെടുത്തി 

കൊല്‍ക്കത്ത- ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ബംഗാളിലെ ഹരിനാരായണ്‍പൂര്‍ സ്വദേശിനി അപര്‍ണ (35) ആണ് കൊല്ലപ്പെട്ടത്. ഒളിവില്‍ കഴിയുന്ന ഭര്‍ത്താവ് പരിമാളിനായി അന്വേഷണം തുടരുകയണ് ജോയ്നഗര്‍ പോലീസ്. പരിമാളിന്റെയും അപര്‍ണയുടേയും വിവാഹം നടന്നത് 17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇവരുടെ മകന്‍ വെള്ളിയാഴ്ച ട്യൂഷന്‍ ക്ലാസില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് അമ്മ മരിച്ചുകിടക്കുന്നത് കണ്ടത്. കുട്ടിയുടെ നിലവിളി കേട്ടാണ് സമീപവാസികള്‍ കാര്യമറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് സ്ഥലത്ത് എത്തിയത്. അപര്‍ണ റീല്‍സ് ചെയ്യുന്നത് ഭര്‍ത്താവിന് ഇഷ്ടമായിരുന്നില്ല. സമൂഹമാദ്ധ്യമങ്ങളില്‍ ഇവര്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിലും എതിര്‍പ്പുണ്ടായിരുന്നു. ഇതേച്ചൊല്ലി അടുത്തകാലത്തായി ഇരുവരും തമ്മില്‍ വഴക്കുകൂടുന്നത് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.  റീല്‍സ് കൂടുതല്‍ പേര്‍ കണ്ടുതുടങ്ങിയപ്പോള്‍ ആണ് സുഹൃത്തുക്കളുടെ എണ്ണം വര്‍ദ്ധിച്ചത്. ഇവരുമായി സംസാരിക്കുന്നത് ഭര്‍ത്താവ് എതിര്‍ത്തിരുന്നു. അപര്‍ണയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടോയെന്ന സംശയവും കൊലപാതകത്തിന് കാരണമായതായി പോലീസ് സംശയിക്കുന്നു. പരിമാളുമായി വഴക്ക് പതിവായതോടെ അപര്‍ണ സ്വന്തം വീട്ടിലേക്ക് പോയെങ്കിലും പിന്നീട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന മകന് പുറമേ മൂന്ന് വയസ്സ് പ്രായമുള്ള ഒരു മകളുമുണ്ട് ഇവര്‍ക്ക്. അമ്മയെ കൊലപ്പെടുത്തുമെന്ന് അച്ഛന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി മകന്‍ പോലീസിന് മൊഴി നല്‍കി.
 

Latest News