വീഡിയോ: കാട്ടാനയെ പോലെ ഒരു മുട്ടനാട്; സൗദിയിൽ ഇടയനെ മുട്ടനാട് കുത്തിക്കൊന്നു

ജിദ്ദ - മരുഭൂപ്രദേശത്തെ ആടുവളർത്തൽ കേന്ദ്രത്തിൽ മുട്ടനാടിന്റെ കുത്തേറ്റ് ഇടയൻ ദാരുണമായി മരിച്ചു. ആടുവളർത്തൽ കേന്ദ്രത്തിൽ മരിച്ചുകിടക്കുന്ന നിലയിൽ ഇടയനെ മറ്റുള്ളവർ കണ്ടെത്തുകയായിരുന്നു. മോഷ്ടാക്കളുടെയോ മറ്റോ ആക്രമണത്തിലാകും ഇടയൻ മരിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാൽ ആടുകളെയൊന്നും മോഷണം പോയിരുന്നില്ല. പിന്നീട് ആടുവളർത്തൽ കേന്ദ്രത്തിൽ സ്ഥാപിച്ച സി.സി.ടി.വിയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മുട്ടനാടിന്റെ ആക്രമണത്തിലാണ് ഇടയൻ മരിച്ചതെന്ന് വ്യക്തമായത്. 
ഇടയനെ മുട്ടനാട് അപ്രതീക്ഷിതമായി കുത്തിത്തള്ളിയിടുകയായിരുന്നു. നിലത്തു നിന്ന് എഴുന്നേൽക്കാൻ സാധിക്കുന്നതിനു മുമ്പായി ഇടയനെ മുട്ടനാട് ഓടിയെത്തി വീണ്ടുംവീണ്ടും കുത്തിത്തള്ളിയിടുന്നത് തുടർന്നു. ഇടയന്റെ ശിരസ്സിലാണ് ആട് കൂടുതലായും ശക്തിയിൽ കുത്തിയത്. ആടിന്റെ ആക്രമണം ചെറുക്കാനുള്ള ഇടയന്റെ ശ്രമം വിഫലമാവുകയായിരുന്നു. മുട്ടനാട് ഇടയനെ കുത്തിത്തള്ളിയിട്ട് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
 

Latest News