വ്യാജ തിരിച്ചറിയല്‍ രേഖ ചമച്ച കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം - യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ രേഖ ചമച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ മ്യൂസിയം സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ട്. കന്റോണ്‍മെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍.  അതേ സമയം യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ  തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ട് എന്ന് പൊലിസ് തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. വിവിധ സ്ഥലങ്ങളില്‍ പല രൂപത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. അതിനാല്‍ വിശദമായ അന്വേഷണം നടന്നു വരുകയാണെന്നും കമ്മീഷനെ അറിയിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ുണ്ടാക്കിയ കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയ സി ജെ എം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പൊലീസ് തീരുമാനിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും. അന്വേഷണ സംഘത്തിനെതിരായ പരാമര്‍ശം റദ്ദാക്കണമെന്നും അപ്പീലില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

 

Latest News