തിരുവനന്തപുരത്തെ പ്രളയ പ്രശ്‌ന പരിഹാരം:  റൂര്‍ക്കി ഐഐടിയെ ചുമതലപ്പെടുത്തും 

തിരുവനന്തപുരം- തിരുവനന്തപുരം നഗരത്തില്‍ മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാവുന്ന പ്രശ്നം പരിഹരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഐക്യകണ്ഠേന കൈക്കൊണ്ടത്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ റൂര്‍ക്കി ഐഐടിയെ ചുമതലപ്പെടുത്താനാണ് കൗണ്‍സിലില്‍ തീരുമാനമെടുത്തത്.
അതേസമയം ആമയിഴഞ്ചാന്‍ തോടിന് കുറുകെയുള്ള പാലം പണിയാണ് തിരുവനന്തപുരം നഗരത്തെ വെള്ളത്തില്‍ മുക്കുന്നതില്‍ ഒരു പ്രധാന കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നെല്ലിക്കുഴിയില്‍ ഊരാളുങ്കല്‍ നിര്‍മിക്കുന്ന പാലം പണി ഇഴഞ്ഞു നീങ്ങുന്നത് തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടുത്തി. കോസ്മോ ആശുപത്രിയിലടക്കം വെള്ളം കയറാന്‍ ഇതാണ് കാരണമെന്നാണ് പരാതി.
കോസ്മോ, ഗൗരീശപട്ടം, മുറിഞ്ഞപ്പാലം, തേക്കുമൂട് പ്രദേശങ്ങള്‍ ഒന്ന് മഴ പെയ്താന്‍ വെള്ളത്തിലാണ്. കോസ്മോ ആശുപത്രിയിലും ആയിരക്കണക്കിന് വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഒരു മാസത്തിനിടെ രണ്ട് തവണ വെള്ളം കയറിയത്. ഒരിക്കലുമില്ലാത്തത് പോലെയുള്ള വെള്ളക്കെട്ടിന് കാരണം എന്താണെന്ന ചോദ്യം തട്ടിനില്‍ക്കുന്നത് നെല്ലിക്കുഴിയില്‍ പണിയുന്ന പാലത്തിലാണ്. പട്ടം, ഉള്ളൂര്‍ തോടുകള്‍ കണ്ണന്മൂലയില്‍ വച്ച് ആമയിഴഞ്ചാന്‍ തോടില്‍ ചേരും. അവിടെ നിന്ന് ആക്കുളം കായലിലേക്കുള്ള വെള്ളമൊഴുക്ക് തടസ്സപ്പെടുത്തിയാണ് നെല്ലിക്കുഴിയില്‍ ആമയിഴഞ്ചാന്‍ തോടിന് കുറുകെ പാലം പണിയുന്നത്.
ആമയിഴഞ്ചാന്‍ തോടില്‍ കെട്ടിക്കിടക്കുന്ന മാലിന്യത്തിനൊപ്പം പാലം നിര്‍മാണത്തിനായുള്ള ഇരുമ്പ് ഗര്‍ഡറുകളും കൂടിയായതോടെ സ്ഥിതി ഗുരുതരമാവുന്നു. ടൂറിസം, ഇറിഗേഷന്‍ തുടങ്ങി നാല് വകുപ്പുകള്‍ ചേര്‍ന്നാണ് പാലം പണിയുന്നത്. പാലം നിര്‍മാണവും ചെളിയും മാലിന്യവും കാരണം ആക്കുളത്ത് പൊഴി മുറിച്ചാലും വെള്ളം ഒഴുകിപോകാന്‍ സമയമെടുക്കും. നഗരത്തിലെ വെള്ളക്കെട്ട പരിഹരിക്കാന്‍ മന്ത്രിമാര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഫ്ലഡ് പ്രിവന്‍ഷന്‍ ആക്ഷന് പ്ലാനിലെ പ്രധാന പ്രഖ്യാപനം ആമയിഴഞ്ചാന്‍, പട്ടം, ഉള്ളൂര്‍ തോടുകള്‍ അടിയന്തരമായി വൃത്തിയാക്കുമെന്നതായിരുന്നു.
ആമയിഴഞ്ചാന്‍ തോട്ടിലെ മണ്ണ് നീക്കുന്ന ജോലി തുടങ്ങിയെങ്കിലും ഒന്നുമായിട്ടില്ല. നീരൊഴുക്കിനുള്ള തടസ്സങ്ങള്‍ നീക്കി, തോട് വൃത്തിയാക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് ജില്ലാ ഭരണകൂടം ഇപ്പോഴും വിശദീകരിക്കുന്നത്. വര്‍ഷങ്ങള്‍ പഴകിയ ഉറപ്പില്‍ നഗരവാസികള്‍ക്ക് വിശ്വാസമില്ല. പരിഹാരമില്ലെങ്കില്‍ സമരത്തിന് ഇറങ്ങുമെന്നാണ് റസിഡന്റ്സ് അസോസിയേഷനുകളുടെ അന്ത്യശാസനം.

Latest News