കോട്ടയത്തെ ഹോട്ടലുടമയുടെ കൊലപാതകം;  സൗഹൃദത്തെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന

കോട്ടയം- കോട്ടയം കറുകച്ചാലില്‍ 'ചട്ടിയും തവിയും' എന്ന ഹോട്ടല്‍ നടത്തിയിരുന്ന രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഹോട്ടലിന്റെ സഹ ഉടമയായ, ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഭര്‍ത്താവ് റെജിയുമാണ് കേസ് അന്വേഷിക്കുന്ന തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്.
ഈ മാസം 15നാണ് ഹോട്ടല്‍ ഉടമയായ രഞ്ജിത്തിനെ ഇതേ ഹോട്ടലില്‍ ജീവനക്കാരനായ ജോസ് കെ തോമസ് കത്തി കൊണ്ട് കുത്തി കൊന്നത്. ഹോട്ടലിന്റെ സഹ ഉടമയായ സോണിയയും ജോസും അടുത്തിടെ സൗഹൃദത്തിലായിരുന്നു. ഇതെച്ചൊല്ലി സോണിയയും കൊല്ലപ്പെട്ട രഞ്ജിത്തും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിത്തും കൊല്ലാന്‍ തീരുമാനിച്ചതും നടപ്പാക്കിയതുമെന്നാണ് അന്വേഷണം നടത്തിയ പോലീസ് കണ്ടെത്തിയിരിക്കുന്നത്. തൃക്കൊടിത്താനം സ്റ്റേഷന്‍ എസ്.എച്ച്.ഓ അനൂപ്.ജി യുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ സോണിയയുടെ പേരില്‍ ഓച്ചിറ, നൂറനാട്, മാവേലിക്കര എന്നീ പോലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Latest News