മിഡിലീസ്റ്റിന് മുകളില്‍ വിമാനങ്ങള്‍ക്ക് സിഗ്നല്‍ കിട്ടുന്നില്ല, നിര്‍ദേശവുമായി ഡി.ജി.സി.എ

ന്യൂദല്‍ഹി - മധ്യപൗരസ്ത്യദേശത്തേക്ക് പോകുന്ന യാത്രാവിമാനങ്ങള്‍ സിഗ്നല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഡി.ജി.സി.എ. ഏതാനും ദിവസങ്ങളായി പശ്ചിമേഷ്യന്‍ ഭാഗങ്ങളിലൂടെ പറക്കുന്ന യാത്രാവിമാനങ്ങളുടെ ഗതിനിര്‍ണ്ണയ സംവിധാനം തടസപ്പെടുന്നതായും തെറ്റായ വിവരങ്ങള്‍ കാണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാവാന്‍ സാധ്യതയുള്ളതിനാല്‍ വിമാന കമ്പിനികള്‍ക്ക് ഡി.ജി.സി.എ സുരക്ഷാ നിര്‍ദേശം നല്‍കി. പശ്ചിമേഷ്യന്‍ ആകാശത്ത് യാത്രാവിമാനങ്ങള്‍ നേരിടുന്ന ഭീഷണി എന്താണെന്നും അതിനോട് എങ്ങനെ പ്രതികരിക്കണമെന്നുമാണ് ഡി.ജി.സി.എയുടെ നിര്‍ദ്ദേശത്തിലുള്ളത്. വിമാന ജീവനക്കാര്‍, പൈലറ്റുമാര്‍, എയര്‍ നാവിഗേഷന്‍ സര്‍വ്വീസ് പ്രൊവൈഡര്‍ (എ.എന്‍.എസ്.പി), എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള കര്‍മ്മപദ്ധതിയാണ് ഡി.ജി.സി.എയുടെ നിര്‍ദ്ദേശത്തിലുള്ളത്.
'ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജി.എന്‍.എസ്.എസ്) പ്രവര്‍ത്തനരഹിതമാകുന്നതും തെറ്റായ വിവരങ്ങള്‍ കാണിക്കുന്നതും കാരണമുള്ള പുതിയ ഭീഷണികളാല്‍ വ്യോമയാന മേഖല അനിശ്ചിതത്വം നേരിടുകയാണ്. പശ്ചിമേഷ്യയുടെ വ്യോമാതിര്‍ത്തിയില്‍ അടുത്തിടെയായി ജി.എന്‍.എസ്.എസ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ കാണിക്കുന്നു- ഡി.ജി.സി.എ വിമാന കമ്പനികള്‍ക്ക് അയച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.

 

Latest News