Sorry, you need to enable JavaScript to visit this website.

എം.പി പോര്‍ട്ടലില്‍ ചോദ്യം അപ്‌ലോഡ് ചെയ്യാന്‍ നിയന്ത്രണം

ന്യൂദല്‍ഹി- ലോക്‌സഭയില്‍ എം.പിമാര്‍ക്കു വേണ്ടി ചോദ്യങ്ങളും അപേക്ഷകളും മറ്റും അപ്‌ലോഡ് ചെയ്യാന്‍ എം.പിമാരുടെ പി.എമാര്‍ക്കുണ്ടായിരുന്ന സൗകര്യം റദ്ദാക്കി. വ്യവസായി ഹീര നന്ദാനിയുടെ താല്‍പര്യ പ്രകാരം പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ സന്‍സദ് പോര്‍ട്ടല്‍ ലോഗിന്‍ ഐഡി ദുരുപയോഗം ചെയ്തുവെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്രോട്ടോക്കോള്‍.
എം.പിമാര്‍ക്കു വേണ്ടി പി.എമാരാണ് ചോദ്യങ്ങളും മറ്റും അപ്‌ലോഡ് ചെയ്തിരുന്നത്. ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള അപേക്ഷകള്‍, സ്വകാര്യബില്ലുകള്‍, ബില്ലുകളിലെ ഭേദഗതികള്‍ തുടങ്ങിയവയും പി.എമാര്‍ക്കു സന്‍സദ് പോര്‍ട്ടലിലെ 'ഇ നോട്ടിസ്' എന്ന ടാബ് വഴി ചെയ്യാമായിരുന്നു. ഇനി മുതല്‍ ഇവയുടെ കരട് പോര്‍ട്ടലില്‍ സേവ് ചെയ്യാന്‍ മാത്രമേ പി.എമാര്‍ക്കു സാധിക്കൂ. എം.പിയുടെ സ്വന്തം ലോഗിന്‍ ഉപയോഗിച്ച് വേണം ഇവ അപ്‌ലോഡ് ചെയ്യാന്‍.
പി.എമാരുടെ ലോഗിന്‍ അക്കൗണ്ട് തുടരുമെങ്കിലും സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുകയാണു ചെയ്തത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലേക്ക് ചോദ്യങ്ങള്‍ അപ്‌ലോഡു ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് സൗകര്യം എടുത്തുകളഞ്ഞതായി പി.എമാര്‍ അറിഞ്ഞത്. ഇതു സംബന്ധിച്ച ലോക്‌സഭാ ബുള്ളറ്റിന്‍ പി.എമാര്‍ക്കു ലഭ്യമാക്കിയിരുന്നില്ല. പരാതിപ്പെട്ടപ്പോള്‍ ലഭ്യമാക്കി. മറ്റു തിരക്കുകള്‍ക്കിടയില്‍ എം.പിമാര്‍ക്ക് ചോദ്യം അപ്‌ലോഡ് ചെയ്യാന്‍ സമയം ലഭിക്കില്ലെന്നുപരാതിയുണ്ട്.
ചോദ്യങ്ങള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ 2 ഒ.ടി.പി ലഭിച്ചിരുന്നതില്‍ ഒന്ന് പി.എയുടെ നമ്പറിലേക്കായിരുന്നു. ഇത് രണ്ടും ഇനി എം.പിയുടെ നമ്പരിലേക്കായിരിക്കും വരിക. ഇതേസമയം, എം.പിയുടെ ലോഗിനും ഒ.ടി.പി വരുന്ന ഫോണ്‍നമ്പറും ഉപയോഗിച്ച് പി.എമാര്‍ക്ക് സന്‍സദ് പോര്‍ട്ടലില്‍ കയറാമെന്നതിനാല്‍ ഇത്തരം നിയന്ത്രണം പ്രഹസനമാണെന്നും വാദമുണ്ട്. എം.പിമാരുടെ സന്‍സദ് പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന മെയില്‍ ഐ.ഡിയിലേക്കും ഒ.ടി.പി വരുന്നുണ്ട്. ഇതും പി.എമാര്‍ക്ക് എടുക്കാം.

 

Latest News