Sorry, you need to enable JavaScript to visit this website.

ആ വിധിയൊന്ന് വായിച്ചു നോക്കണം; ആരിഫ് മുഹമ്മദ് ഖാനോട് സുപ്രീംകോടതി

ന്യൂദൽഹി- ബില്ലുകൾ തടഞ്ഞുവെച്ചതിനെ തുടർന്ന് പഞ്ചാബ് ഗവർണർക്കെതിരെ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധി വായിച്ചു നോക്കാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുപ്രീംകോടതി നിർദേശം. നിയമസഭ പാസ്സാക്കിയ ബില്ലുകൾ തടഞ്ഞുവെച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യം പറഞ്ഞത്. സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി വിശദമായി വാദം കേൾക്കുന്നതിന് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇന്ന് ഹരജി പരിഗണിച്ചപ്പോൾ ഗവർണറുടെ അനുമതിക്കായി അയച്ച നിരവധി ബില്ലുകൾ കഴിഞ്ഞ രണ്ട് വർഷമായി കെട്ടിക്കിടക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും  മുൻ അറ്റോർണി ജനറലുമായ കെ കെ വേണുഗോപാൽ ബഞ്ചിനെ അറിയിച്ചു. എല്ലാ മന്ത്രിമാരും ഗവർണറെ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ പലതവണ കണ്ടിട്ടുണ്ട്. എട്ട് ബില്ലുകൾ ഇപ്പോൾ കെട്ടിക്കിടക്കുന്നുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. ഇതോടെയാണ് കഴിഞ്ഞ ദിവസം പഞ്ചാബ് ഗവർണർക്കെതിരെ പുറപ്പെടുവിച്ച വിധി ചീഫ് ജസ്റ്റിസ് പരാമർശിച്ചത്. പഞ്ചാബ്  ഗവർണറുടെ വിഷയത്തിൽ കഴിഞ്ഞ ദിസം പുറപ്പെടുവിച്ച വിധി ഗവർണറുടെ സെക്രട്ടറിയോട് ആവശ്യപ്പെടണമെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോട് ബഞ്ച് നിർദേശിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി പഞ്ചാബ് വിഷയത്തിൽ പുറപ്പെടുവിച്ച ഉത്തരവ് വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഈ ഉത്തരവ് പരിശോധിക്കാൻ ഗവർണറുടെ സെക്രട്ടറിയോട് ആവശ്യപ്പെടുക. ശേഷം നിങ്ങളുടെ പ്രതികരണം എന്താണെന്ന് ചൊവ്വാഴ്ച അറിയിക്കണമെന്നും കേന്ദ്രസർക്കാറിന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു.
 

Latest News