Sorry, you need to enable JavaScript to visit this website.

പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ബംഗലൂരു സ്വദേശി പിടിയില്‍

കൊച്ചി- ഓണ്‍ലൈനിലൂടെ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. ബംഗലൂരു വിദ്യാര്‍ണപുര സ്വാഗത് ലേ ഔട്ട് ശ്രീ നിലയത്തില്‍ മനോജ് ശ്രീനിവാസ് (33)നെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

പറവൂര്‍ സ്വദേശികളില്‍ നിന്നാണ് ഇയാള്‍ വന്‍ തുക തട്ടിയെടുത്തത്. സ്മിജയില്‍ നിന്ന് ഏഴ് ലക്ഷത്തോളം രൂപയും ബിനോയിയില്‍ നിന്ന് പതിനൊന്ന് ലക്ഷത്തോളം രൂപയുമാണ് തട്ടിയത്. സൈബര്‍ പോലീസ് സ്റ്റേഷന്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നാല്‍പ്പഞ്ചോളം അക്കൗണ്ടുകളില്‍ നിന്ന് 250 കോടിയുടെ തട്ടിപ്പ് നടത്തിയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. 

ഓണ്‍ലൈന്‍ ടാസ്‌ക്ക് വഴിയാണ് പറവൂര്‍ സ്വദേശികള്‍ക്ക് പണം നഷ്ടമായത്. പാര്‍ട്ട് ടൈം ജോലിയുടെ ഭാഗമായി യൂ ട്യൂബ് ലൈക്ക് ചെയ്യുന്നത് വഴി വരുമാനം, ആയിരം രൂപ നിക്ഷേപിച്ചാല്‍ 1250 രൂപ വരുമാനം എന്നിങ്ങനെയായിരുന്നു ഇവര്‍ക്ക് ലഭിച്ച വാഗ്ദാനം. ആദ്യഘട്ടം എന്ന നിലയില്‍ ചെറിയ തുകകള്‍ തട്ടിപ്പുസംഘം പ്രതിഫലം, ലാഭം എന്നിങ്ങനെ പറഞ്ഞ് കൈമാറിയിരുന്നു. തുടര്‍ന്ന് വിശ്വാസം ജനിപ്പിച്ച ശേഷം വലിയ തുകകള്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട് അതിന്റെ ലാഭം തിരികെ ലഭിക്കുന്നതിന് ജി. എസ്. ടി, മറ്റ് ടാക്‌സുകള്‍ എന്നിങ്ങനെ കൂടുതല്‍ തുകകള്‍ വാങ്ങി കബളിപ്പിക്കുകയാണ് ചെയ്തത്. 

തട്ടിപ്പ് നടത്താന്‍ സാധാരണക്കാരെക്കൊണ്ട് കറന്റ് അക്കൗണ്ട് മനോജ് എടുപ്പിക്കും. ഈ അക്കൗണ്ട് ഇവരറിയാതെ കൈകാര്യം ചെയ്യുന്നത് മനോജും സംഘവുമാണ്. പിടിക്കപ്പെട്ടാല്‍ അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാനാണ് സംഘം ഇങ്ങനെ ചെയ്യുന്നത്. ഇത്തരം നാല്‍പ്പത്തിയഞ്ചോളം അക്കൗണ്ടുകളാണ് ചതിയിലൂടെ സ്വന്തമാക്കിയത്. ഇതിലേക്കാണ് ജോലി വാഗ്ദാനം ചെയ്ത് പറ്റിക്കപ്പെടുന്നവര്‍ പണം നിക്ഷേപിക്കുന്നത്. 250 കോടിയിലേറെ രൂപ ഇത്തരത്തില്‍ അക്കൗണ്ടുകള്‍ വഴി കൈമാറ്റം ചെയ്തുവെന്നാണ് കിട്ടുന്ന വിവരം.

ഒരു ദിവസം ആയിരത്തിലേറെ പണമിടപാട് ഒരു അക്കൗണ്ട് വഴി മാത്രം നടന്നിട്ടുണ്ട്. ദുബൈയില്‍ ജോലി ചെയ്യുന്ന കെവിന്‍, ജെയ്‌സന്‍ എന്നിങ്ങനെ രണ്ടു പേരെ സമൂഹ മാധ്യമം വഴി പരിചയപ്പെട്ടുവെന്നും അവര്‍ പങ്കാളികളായാണ് തട്ടിപ്പ് ആരംഭിച്ചതെന്നുമാണ് മനോജ് പറഞ്ഞത്. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഈ പേരുകളും അക്കൗണ്ടും വ്യാജമാണെന്നും ചൈനയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നതെന്നുമാണ് മനസിലായത്. 

അക്കൗണ്ട് വഴി ലഭിക്കുന്ന തുക ക്രിപ്‌റ്റോ കറന്‍സിയാക്കി വിദേശത്തെത്തിക്കുകയാണ് പതിവ്. ബംഗലൂരു സിറ്റി സൈബര്‍ പോലീസില്‍ പ്രതിക്കെതിരെ കേസുകളുണ്ട്. 

എറണാകുളം റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം. ബി. ലത്തീഫ്, എസ്. ഐ പി. ജി. അനൂപ്, എ. എസ്. ഐ റെനില്‍ വര്‍ഗീസ്, സീനിയര്‍ സി. പി. ഒമാരായ വികാസ് മണി, ലിജോ ജോസ്, ജെറി കുര്യാക്കോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Latest News