Sorry, you need to enable JavaScript to visit this website.

അമ്മ ആശുപത്രിയില്‍, നാല് മാസം  പ്രായമുള്ള കുഞ്ഞിനെ 'പോലീസമ്മ' മുലയൂട്ടി 

കൊച്ചി- ഇതര സംസ്ഥാന തൊഴിലാളിയുടെ നാലുമാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടി വനിതാ സിവില്‍ പോലീസ് ഓഫീസര്‍. കൊച്ചി സിറ്റി നോര്‍ത്ത് വനിതാ പോലീസ് സ്റ്റേഷനിലാണ് സംഭവം. ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കു വന്ന പട്‌ന സ്വദേശിനി അജനയുടെ കുട്ടികളെ ഏല്‍പ്പിക്കാന്‍ ആളില്ലാതെ വന്നതോടെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. 13 ഉം അഞ്ചും മൂന്നും വയസുള്ള കുട്ടിക്ക് ഭക്ഷണം വാങ്ങി നല്‍കി. എന്നാല്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന് എന്ത് നല്‍കും എന്ന ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് മുലയൂട്ടുന്ന അമ്മ കൂടിയായ സിവില്‍ പോലീസ് ഓഫീസര്‍ എംഎ ആര്യ മുന്നോട്ടു വന്നത്.  അജനയുടെ ഹൃദയവാല്‍വ് നേരത്തേ മാറ്റിവെച്ചിരുന്നു. വാല്‍വില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അജനക്കൊപ്പമുള്ള നാലു കുട്ടികളെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ പൊലീസ് സ്റ്റേഷനിലേക്കും കണ്‍ട്രോള്‍ റൂമിലേക്കും ആശുപത്രി അധികൃതര്‍ സന്ദേശമയക്കുകയായിരുന്നു. വനിതാ സ്റ്റേഷനില്‍ നിന്ന് പോലീസുകാരെത്തി കുട്ടികളെ സ്റ്റേഷനില്‍ എത്തിച്ച് ഭക്ഷണം നല്‍കി.
നാല് മാസം പ്രായമുള്ള കുഞ്ഞ് കൊണ്ടുവരുമ്പോള്‍ ഉറക്കത്തിലായിരുന്നു. ഉറക്കം വിട്ടുണര്‍ന്നപ്പോള്‍ കരച്ചില്‍ തുടങ്ങി. ആ സമയത്താണ് ആര്യ കുഞ്ഞിനെ വാങ്ങി മുലയൂട്ടിയത്. പിന്നീട് കുട്ടികളെ എസ്ആര്‍എം റോഡിലുള്ള ശിശുഭവനിലേക്ക് മാറ്റി. പൊന്നാരിമംഗലത്താണ് പട്‌ന സ്വദേശിനിയുടെ താമസം. ഭര്‍ത്താവ് ജയിലിലാണെന്ന് പോലീസ് പറഞ്ഞു.

Latest News