ഇസ്രായില്‍ നേടിയത് ആഗോള വിദ്വേഷം മാത്രം; കരാര്‍ ഫല്‌സതീനികളുടെ വിജയമെന്നും ഇറാന്‍

ടെഹ്‌റാന്‍-ഫലസ്തീനികളുമായുള്ള യുദ്ധത്തില്‍ ഇസ്രായില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി. യുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള കരാര്‍ ഫലസ്തീനികളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
സയണിസ്റ്റ് ഭരണകൂടത്തിന് അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല; ചെറുത്തുനില്‍പ്പിനെ നിര്‍വീര്യമാക്കാന്‍ അവര്‍ ആഗ്രഹിച്ചെങ്കിലും അവര്‍ക്ക് അതിനു കഴിഞ്ഞില്ല-ഇബ്രാഹിം റഈസിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
ഗാസയില്‍ സ്വീകരിച്ച സൈനിക നടപടികളിലൂടെ ഇസ്രായില്‍  ആഗോള വിദ്വേഷം മാത്രമാണ് നേടിയതെന്നും അദ്ദേഹം പപറഞ്ഞു.
ഇപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിലൂടെ ഈ പോരാട്ടത്തില്‍ വിജയിച്ചത് ഫലസ്തീനാണെന്ന് പറയാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസയില്‍ കുറഞ്ഞത് നാല് ദിവസമെങ്കിലും വെടിനിര്‍ത്തലിന് ഇസ്രായിലും ഹമാസും ബുധനാഴ്ചയാണ് ധാരണയിലെത്തിയത്. കരാര്‍ പ്രകാരം, ഒക്‌ടോബര്‍ ഏഴിലെ ആക്രമണത്തിനിടെ ഫലസ്തീന്‍ പോരാളികള്‍ ബന്ദികളാക്കിയ 50 പേരെ മോചിപ്പിക്കും. പകരം ഇസ്രായില്‍ 150 ഫലസ്തീന്‍ തടവുകാരെ  മോചിപ്പിക്കുകയും ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായം അനുവദിക്കുകയും ചെയ്യും.

 

Latest News