Sorry, you need to enable JavaScript to visit this website.

റോബിന്‍ ബസ് മോട്ടോര്‍വാഹന വകുപ്പ്  പിടിച്ചെടുത്ത് പോലീസ് ക്യാംപിലേക്ക് മാറ്റി

പത്തനംതിട്ട- തുടര്‍ച്ചായായി പെര്‍മിറ്റ് ലംഘിച്ച് സര്‍വീസ് നടത്തിയെന്ന് ആരോപിച്ച് മോട്ടോര്‍ വാഹന വകുപ്പ് റോബിന്‍ ബസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിന് കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് വന്‍ പോലീസ്  സന്നാഹത്തോടെ പിന്തുടര്‍ന്നെത്തി മോട്ടര്‍ വാഹന വകുപ്പിന്റെ നടപടി. ബസ് പത്തനംതിട്ട പോലീസ് ക്യാംപിലേക്ക് മാറ്റി. പെര്‍മിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുത്തു. ഇതിന് പുറമെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികളും മോട്ടര്‍ വാഹന വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ ഏരുമേലിക്ക് സമീപവും ബസിന് 7,500 രൂപ പിഴ ചുമത്തിയിരുന്നു. സുപ്രീംകോടതി വിധി അനുകൂലമെന്ന ഉടമയുടെ വാദം തെറ്റെന്ന് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.  നിയമലംഘത്തിന് ആഹ്വാനം ചെയ്ത വ്ളോഗര്‍മാര്‍ക്കെതിരെയും നടപടിക്ക് നീക്കമുണ്ട്. ഇതേസമയം കോടതി ഉത്തരവ് ലംഘിച്ച ഉദ്യോഗസ്ഥരുടെ നടപടി അന്യായമെന്ന് ബസ് നടത്തിപ്പുകാര്‍ പ്രതികരിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയും റോബിന്‍ ബസിന് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടിരുന്നു. 7,500 രൂപയാണ് പിഴയിട്ടത്. കഴിഞ്ഞ ദിവസം മോട്ടര്‍ വാഹന വകുപ്പിന്റെ തടസ്സങ്ങളില്ലാതെയാണ് റോബിന്‍ ബസ് പത്തനംതിട്ട-കോയമ്പത്തൂര്‍ സര്‍വീസ് നടത്തിയത്. സാങ്കേതിക തകരാര്‍ മൂലം രാവിലെ 5ന് പുറപ്പെടേണ്ട ബസ് ഏഴരയോടെയാണ് പത്തനംതിട്ട വിട്ടത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ബസില്‍ യാത്ര ചെയ്യാനായി എത്തിയിരുന്നു. ചൊവ്വാഴ്ച കോയമ്പത്തൂര്‍ ആര്‍ടിഒ വിട്ടയച്ച ബസ് പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. തമിഴ്നാട്ടില്‍ ഒരു  ലക്ഷത്തോളം രൂപ പിഴയടച്ചാണ് ബസ് പുറത്തിറക്കിയതെങ്കിലും കേരളത്തില്‍ ബസുടമകള്‍ പിഴയടച്ചിട്ടില്ല.

Latest News