Sorry, you need to enable JavaScript to visit this website.

കരിപ്പൂർ: അധിക സർവീസിന് കൂട്ടായ ശ്രമം വേണം -വിമാനത്താവള ഉപദേശക സമിതി

കൊണ്ടോട്ടി-കരിപ്പൂരിൽ നിന്നും വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കുന്നതിനും ആഭ്യന്തര മേഖലയിൽ കൂടുതൽ സർവീസുകൾക്കും കൂട്ടായ ശ്രമം വേണമെന്ന്  വിമാനത്താവള ഉപദേശക സമിതി യോഗം ആവശ്യപ്പെട്ടു.കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ സർവീസ് പുനരാരംഭിക്കണം.
തിരുവനന്തപുരം, ദില്ലി, അഗത്തി, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ മേഖലയിൽ പുതിയ സർവീസ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച്  വിമാന കമ്പനികളുമായും ദില്ലിയിലെ വിമാന സ്ലോട്ട് അനുവദിക്കുന്ന വിഭാഗവുമായും ചർച്ച ചെയ്യും. കണ്ണൂർ വിമാനത്താവളത്തിന് നൽകുന്നതു പോലെയുളള ആനുകൂല്യങ്ങൾ കരിപ്പൂരിന് നൽകാൻ സംസ്ഥാന സർക്കാർ തയാറാകണം.നിപ നിയന്ത്രണം നീക്കിയിട്ടും സർക്കാർ കരിപ്പൂരിൽ നിന്നുള്ള കയറ്റുമതി നിയന്ത്രണം പിൻവലിച്ചിട്ടില്ല.നിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കരിപ്പൂർ റൺവേ എൻഡ് സേഫ്റ്റി ഏരിയ(റസ) 240 മീറ്ററായി ഉയർത്താതെ വലിയ വിമാനങ്ങൾക്ക് സർവീസ് അനുമതി നൽകരുതെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് ആവശ്യപ്പെട്ടത്.
സംസ്ഥാന സർക്കാർ 14.5 ഏക്കർ സ്ഥലമേറ്റെടുത്ത് നൽകാൻ തയാറായതോടെ റൺവേ വെട്ടിച്ചുരുക്കി റിസ നിർമിക്കാനുള്ള തീരുമാനം മരവിപ്പിച്ചതായി എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ് യോഗത്തിൽ അറിയിച്ചു.ഏറ്റെടുത്ത സ്ഥലം നിരത്താനും മണ്ണ് നിറക്കലിനും വരുന്ന ചെലവ് എയർപോർട്ട് അതോറിറ്റി വഹിക്കാൻ തീരുമാനിച്ചിട്ടുണ്ട്.480 കോടി രൂപയാണ് ഇതിനായി അതോറിറ്റി നീക്കിവെച്ചിരിക്കുന്നത്.റിസ നിർമാണത്തിന് യോഗ്യരായവരെ കണ്ടെത്താൻ സാധിക്കാത്തതിനാൽ റീ ടെൻഡർ ചെയ്തിരിക്കുകയാണ്.
വിമാനത്താവളത്തിൽ ചേർന്ന യോഗത്തിൽ ഉപദേശക സമിതി ചെയർമാൻ അബ്ദുസമദ് സമദാനി എം.പി അധ്യക്ഷനായി. എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ്, എം.പിമാരായ എം.കെ.രാഘവൻ,ഇ.ടി.മു ഹമ്മദ് ബഷീർ, എം.എൽ.എമാരായ ടി.വി. ഇബ്രാഹീം, പി.അബ്ദുൽ ഹമീദ്, അബ്ദുറഹിമാൻ രണ്ടത്താണി, ജില്ലാ കലക്ടർ വി.ആർ വിനോദ്, മുനിസിപ്പൽ ചെയർപേഴ്‌സൺ സി.ടി ഫാത്തിമ സുഹറാബി, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ജയകാന്ത്, കൊണ്ടോട്ടി ഡിവൈ.എസ്.പി. മൂസ വള്ളിക്കാടൻ, പി.വി. നിധീഷ്, എ.കെ.എ നസീർ സംസാരിച്ചു.

Latest News