ടെല്‍അവീവ്- ഹമാസുമായി ധാരണയിലെത്തുന്നത് ഒഴിവാക്കാന്‍ ബന്ദികളുടെ കുടുംബങ്ങളെ നിശബ്ദരാക്കണമായിരുന്നുവെന്ന് മുന്‍ ഇസ്രായില്‍ ചാരന്‍ ജോനാഥന്‍ പൊള്ളാര്‍ഡ്. ഹമാസുമായി ധാരണ ഉണ്ടാക്കാനുള്ള
പൊതുജന സമ്മര്‍ദം ഒഴിവാക്കാന്‍ വേണ്ടിവന്നാല്‍ ഈ കുടുംബങ്ങളെ ജയിലിലടക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഷിലോ ഇന്‍സ്റ്റിറ്റിയൂട്ടിലെ റബ്ബി ഡേവിഡ് ബാര്‍ഹയീമുമായി ഈ ആഴ്ച നടത്തിയ ഓണ്‍ലൈന്‍ കോളിനിടെയായിരുന്നു പൊള്ളാര്‍ഡിന്റെ ഈ പരാമര്‍ശം. ബന്ദികളുടെ കുടുംബങ്ങളെ അവഹേളിക്കുന്ന ഇതിന്റെ ക്ലിപ്പ് ചാനല്‍ 14 സംപ്രേഷണം ചെയ്തു.
യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. നിങ്ങള്‍ വായടക്കണമെന്നും അല്ലെങ്കില്‍ അടപ്പിക്കുമെന്നും എല്ലാ ബന്ദി കുടുംബങ്ങളോടും പറയേണ്ടിയിരുന്നു. ഈ യുദ്ധത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഇടപെടാന്‍ പാടില്ലെന്നും നിങ്ങളെ അന്താരാഷ്ട്ര സമൂഹമോ ഷാലിത് ഇടപാട് കൈകാര്യം ചെയ്ത നമ്മുടെ സ്വന്തം ഇടതുപക്ഷക്കാരോ നമുക്കെതിരായ ആയുധമായി ഉപയോഗിക്കാന്‍ പാടില്ലെന്നും പറയേണ്ടിയിരുന്നു- പൊളളാര്‍ഡ് പറഞ്ഞു.
തട്ടിക്കൊണ്ടുപോയ ഒരു ഇസ്രായില്‍ സൈനികന് പകരമായി 1,000 ഫലസ്തീനികളെ വിട്ടയച്ച 2011ലെ കരാറിനെയാണ് ഷാലിത് ഇടപാടെന്ന് പൊള്ളാര്‍ഡ് പരാമര്‍ശിച്ചത്.
പുതിയ ബന്ദി ഇടപാടിന് അംഗീകാരം നല്‍കിയതിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പൊള്ളാര്‍ഡ് കുറ്റപ്പെടുത്തി. കരാറിന് വോട്ട് ചെയ്ത തീവ്ര വലതുപക്ഷ മത സയണിസം പാര്‍ട്ടിക്ക് താന്‍ ഇനി വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
തട്ടിക്കൊണ്ടുപോയ ഈ പാവപ്പെട്ടവരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ പുറത്തെടുക്കുന്നതിന് താന്‍ എതിരായിരുന്നു. എന്തുകൊണ്ടെന്നാല്‍ അവരോരോരുത്തരും ശത്രുക്കള്‍ക്കെതിരെ സമ്പൂര്‍ണ യുദ്ധം ചെയ്യാനുള്ള നമ്മുടെ കഴിവില്‍ വിഷ തുള്ളിയായിരുന്നു.
ഇസ്രായില്‍ ബന്ദികള്‍ കൊല്ലപ്പെട്ടാലും ഒരു കരാറിലുമെത്താതെ ഇസ്രായില്‍ യുദ്ധം തുടരണമായിരുന്നുവെന്നാണ് പൊള്ളാര്‍ഡിന്റെ വാദം.