പത്താം ക്ലാസ്സ് തുല്യതാ പരീക്ഷയെഴുതാന്‍ നടന്‍ ഇന്ദ്രന്‍സ്, അഭിനന്ദിച്ച് മന്ത്രി രാജേഷ്

തിരുവനന്തപുരം- പത്താം ക്ലാസ്സ് പാസ്സാവാന്‍ നടന്‍ ഇന്ദ്രന്‍സ്. പത്താം തരം തുല്യതാപരീക്ഷ എഴുതാനുളള പഠനത്തിനാണ് അദ്ദേഹം ചേര്‍ന്നത്. ചെറിയക്ലാസ്സില്‍ തന്നെ പഠനം നിറുത്തേണ്ടി വന്ന കഥ ഇന്ദ്രന്‍സ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു, ഈ മാതൃകാ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചിരിക്കുകയാണ് മന്ത്രി എം.ബി രാജേഷ്.

കുറിപ്പ് ഇങ്ങനെ:

മലയാളികളുടെ പ്രിയനടന്‍ ഇന്ദ്രന്‍സിനെ പത്താം തരം തുല്യതാ പഠനത്തിന് ചേര്‍ന്നതില്‍ അഭിനന്ദിക്കുന്നു. വിദ്യാഭ്യാസമെന്നാല്‍ കേവലം പരീക്ഷ പാസാകലോ ഉന്നത ബിരുദങ്ങള്‍ നേടലോ മാത്രമല്ല, വിശാലമായ ലോകവീക്ഷണവും മനുഷ്യപ്പറ്റും ആര്‍ജിക്കുക എന്നത് കൂടിയാണ്. അത് രണ്ടും വേണ്ടുവോളമുള്ള മഹാനടനാണ് ഇന്ദ്രന്‍സ്. വിദ്യാസമ്പന്നരായ പലര്‍ക്കും മാതൃകയാക്കാവുന്ന, പലരിലും കാണാത്ത സ്വഭാവ സവിശേഷതകളുമുള്ള ആളുമാണ് നടന്‍ ഇന്ദ്രന്‍സ്. വിനയവും ലാളിത്യവും സംസ്‌കാര സമ്പന്നതയും എല്ലാം ഇങ്ങനെ ചിലതാണ്. ഇന്ദ്രന്‍സിന്റെ ഈ തുല്യതാ പഠനം സംസ്ഥാന സാക്ഷരതാ മിഷനും തുടര്‍ വിദ്യാഭ്യാസ പദ്ധതിക്കുമുള്ള അംഗീകാരമാണ്.
പ്രിയപ്പെട്ട ഇന്ദ്രന്‍സിന് സ്‌നേഹാഭിവാദനങ്ങള്‍. ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ ഹൃദയം നിറഞ്ഞ നന്ദി

 

Latest News