മജിസ്‌ട്രേറ്റിനെതിരെ അഭിഭാഷകരുടെ മുദ്രാവാക്യം: പോ പുല്ലേ, പോടി പുല്ലേ... അതും കോടതി മുറിയില്‍

കോട്ടയം- വ്യാജരേഖ ചമച്ചുവെന്ന് ആരോപിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ എം.പി.നവാബിനെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസടുത്ത സംഭവത്തില്‍ പ്രകോപിതരായി അഭിഭാഷകര്‍. കോട്ടയം സി.ജെ.എം കോടതിയിലെ ശിരസ്തദാര്‍ സിന്ധുവിന്റെ പരാതിയിലാണ് കേസെടുത്തത്. മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചത് പ്രകാരമാണ് ശിരസ്തദാര്‍ പരാതി നല്‍കിയതെന്നും ഈ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകര്‍ ഇന്ന് കോടതി മുറിയിലേക്ക് പ്രകടനം നടത്തി.

പോ പുല്ലേ, പോടി പുല്ലേ' എന്നിങ്ങനെയുള്ള മുദ്രാവാക്യം ഉയര്‍ത്തിയാണ് അഭിഭാഷകര്‍ കോടതി മുറിയിലേക്ക് തള്ളിക്കയറിയത്. നവാബിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും മജിസ്‌ട്രേറ്റ് തുടര്‍ച്ചയായി മോശമായി പെരുമാറുന്നുവെന്നും ആരോപിച്ചാണ് അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്‌ക്കരിച്ച് മുദ്രാവാക്യം വിളിയുമായി കോടതിയിലേക്ക് തള്ളിക്കയറിയത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ ആസ്ഥാനത്തെ കോടതി നടപടികളെല്ലാം ബാര്‍ അസോസിയേഷന്റെ നിര്‍ദേശപ്രകാരം ബഹിഷ്‌ക്കരിച്ചു.

2013 ല്‍ വിധി വന്ന ഒരു കേസില്‍ കോടതിയില്‍ ഹാജരാക്കിയ ജാമ്യക്കാരന്‍ വ്യാജനാണെന്ന കാരണത്താല്‍ അഭിഭാഷകനെ രണ്ടാം പ്രതിയാക്കി കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തതാണ് പ്രതിഷേധത്തിന് കാരണമായത്. സാധാരണ ഇത്തരം സംഭവങ്ങളില്‍ അഭിഭാഷകനെതിരെ കേസെടുക്കാറില്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്. പ്രതിയാണ് ജാമ്യക്കാരനെ കൊണ്ടുവരുന്നത്. അയാളെ അഭിഭാഷകന്‍ കോടതിയില്‍ സാക്ഷ്യപ്പെടുത്തുക മാത്രമാണ് പതിവ്. അയാള്‍ ഹാജരാക്കുന്ന രേഖകളുടെ ആധികാരികത എങ്ങനെ തങ്ങള്‍ക്ക് ഉറപ്പ് വരുത്താന്‍ കഴിയുമെന്നാണ് അഭിഭാഷകര്‍ ഉയര്‍ത്തുന്ന ചോദ്യം. മുമ്പും അഭിഭാഷകര്‍ക്കെതിരെ മോശമായ നടപടികള്‍ മജിസ്‌ട്രേറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. കോട്ടയം കോടതിയിലെ തന്നെ ഹരീഷ് എന്ന അഭിഭാഷകന്റെ പരാതിയില്‍ ഹൈക്കോടതി രണ്ട് മാസം മുമ്പ് ശാസിച്ച വ്യക്തിയാണ് മജിസ്‌ട്രേറ്റ് എന്നും അഭിഭാഷകര്‍ പറയുന്നു. ഏഴു ദിവസത്തിനുള്ളില്‍ അഭിഭാഷകനെതിരായ നടപടി പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നടപടികളില്‍നിന്ന് വിട്ടു നില്‍ക്കാനാണ് ബാര്‍ അസോസിയേഷന്റെ തീരുമാനം.

 

Latest News