ഫലസ്തീന്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് മൗനമോ... ഫസല്‍ ഗഫൂറിനെ തള്ളി ശശി തരൂര്‍

കോഴിക്കോട്- കെ.പി.സി.സി ഫലസ്തീന്‍ റാലിയില്‍ എം.ഇ.എസ് നേതാവ് ഫസല്‍ ഗഫൂറിന്റെ പരാമര്‍ശത്തെ തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍.
ഫലസ്തീന്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ദല്‍ഹിയിലോ ഉത്തരേന്ത്യയിലോ റാലി നടത്താത്തത് അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണെന്നും ഹിന്ദുത്വ ശക്തികള്‍ക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് നല്ലതാണെന്നുമായിരുന്നു ഫസല്‍ ഗഫൂര്‍ പറഞ്ഞത്.
ദല്‍ഹിയിലും മറ്റും ഈ സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് റാലി നടത്തിയാല്‍ അത് ഹിന്ദുത്വ ശക്തികള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുമെന്ന് ഫസല്‍ ഗഫൂര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ തെരഞ്ഞെടുപ്പായതിനാല്‍ കോണ്‍ഗ്രസ് റാലി നടത്തിയില്ലെന്ന പരാമര്‍ശം പിന്നീട് പ്രസംഗിച്ച ശശി തരൂര്‍ തള്ളി. പ്രശ്‌നമുണ്ടായ ഉടന്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഇക്കാര്യത്തില്‍ പ്രമേയം പാസ്സാക്കിയെന്നും സോണിയാഗാന്ധിയും പ്രിയങ്കഗാന്ധിയും പരസ്യമായിതന്നെ ഫലസ്തീന് പിന്തുണ അറിയിച്ചെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പാണെന്ന് കരുതി കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ മൗനം പാലിച്ചിട്ടില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.

 

Latest News