ചാറ്റ്ജിപിടി സ്ഥാപകൻ സാം ആൾട്മാൻ ഓപൺഎ.ഐ മേധാവിയായി തിരുച്ചുവരുന്നു. അദ്ദേഹത്തെ പുറത്താക്കിയ ബോർഡിനെ ഒഴിവാക്കി കമ്പനി മൈക്രോസോഫ്റ്റ് വേറെ തന്നെ വലവീശയതിനു പിന്നാലെ സാം ആൾട്ട്മാൻ സി.ഇ.ഒ ആയി തിരികെ എത്തുമെന്ന പ്രഖ്യാപനവുമായി ചാറ്റ്ജിപിടി നിർമാതാക്കളായ ഓപൺഎഐ. ആൾട്ട്മാനെ സി.ഇ.ഒ സ്ഥാനത്തുനിന്ന് പിരിച്ചവിട്ടത് ആർടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിപ്ലവകരമായ തുടക്കം കുറിച്ച ഓപൺഎഐയെ വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു.
അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള ഒപൺഎഐയിലെ വൻകിട നിക്ഷേപകർ തീവ്രശ്രമമാണ് നടത്തിയത്. ആൾട്ട്മാൻ മൈക്രോസോഫ്റ്റിൽ ചേരുമെന്ന പ്രഖ്യാപനവും വന്നിരുന്നു. കമ്പനിയുടെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങൾ പരന്നതിനാൽ ബോർഡ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ഓപൺഎഐ ജീവനക്കാരും രംഗത്തു വന്നു. തങ്ങൾ കമ്പനിയിൽനിന്ന് രാജിവെക്കുമെന്ന് അവർ മാധ്യമങ്ങൾക്ക് നൽകിയ കത്തിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒടുവിൽ സാം ആൾട്ട്മാനെ പിരിച്ചുവിട്ട ബോർഡിനെ ഒഴിവാക്കിയാണ് കമ്പനി പ്രശ്‌നം പരിഹരിച്ചിരിക്കുന്നത്.
സാം ആൾട്ട്മാൻ സിഇഒ ആയി മടങ്ങിവരുന്നതിന് തത്വത്തിൽ കരാറിലെത്തിയതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഓപൺഎഐ അറിയിച്ചു. ചെയർമാൻ ബ്രറ്റ് ടെയ്‌ലർ, ലാറി സമ്മേഴ്‌സ്, ആദം ഡി ആഞ്ചലോ എന്നിവരടങ്ങുന്ന പുതിയ ബോർഡ് ആൾട്ട്മാനുമായി ധാരണയിലെത്തിയെന്നും വിശദാംശങ്ങൾ തയാറാക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
തങ്ങളുടെ എ.ഐ ഗവേഷണ സംഘത്തെ നയിക്കാൻ ആൾട്ട്മാനെ നിയമിക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
തന്റെ തിരിച്ചുവരവിന് നാദെല്ലയുടെ പിന്തുണയുണ്ടെന്ന് ആൾട്ട്മാൻ പറഞ്ഞു.
മൈക്രോസോഫ്റ്റ് ഓപൺഎഐയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചിരുന്നു. സെർച്ച് എൻജിൻ ബിംഗ് ഉൾപ്പെടെയുള്ള വിവിധ ഉൽപന്നങ്ങളിൽ ആർടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്. ഓപൺഎഐയുടെ ചാറ്റ്ജിപിടി വികസനത്തിന് മൈക്രോസോഫ്റ്റിന്റെ ഡാറ്റാ സെന്ററുകൾ നിർണായകമാണ്. എഐ ഗവേഷണത്തിലും വികസനത്തിലും കോടിക്കണക്കിന് ഡോളറാണ് ആഗോള തലത്തിൽ നിക്ഷേപിക്കപ്പെട്ടത്.
വിനാശകരമായ സംഭവങ്ങൾ ഒഴിവാക്കാൻ ഓപൺഎഐയിൽ ഭരണ മാറ്റങ്ങൾ ആവശ്യമാണെന്നും നദെല്ല പറഞ്ഞിരുന്നു. ഓപൺഎഐ ബോർഡിലെ മാറ്റങ്ങൾ പ്രോത്സാഹജനകമാണെന്ന് മൈക്രോസോഫ്റ്റ് സിഇഒ പറഞ്ഞു.
കൂടുതൽ സുസ്ഥിരവും ഫലപ്രദവുമായ ഭരണത്തിലേക്കുള്ള പാതയിലെ ആദ്യ അനിവാര്യമായ ചുവടുവെപ്പാണിതെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച ആൾട്ട്മാനെ പുറത്താക്കിയതിനു ശേഷമുണ്ടായ വിവാദങ്ങളും കലാപവും പരിമിതപ്പെടുത്തുന്നതാണ് പുതിയ പ്രഖ്യാപനം.
പരക്കെ ബഹുമാനിക്കപ്പെടുന്ന എ.എ ഗവേഷകയും കമ്പനി സഹസ്ഥാപകയുമായ ഇല്യ സറ്റ്‌സ്‌കേവറും ഓപൺഎഐ ബോർഡിൽ ഉൾപ്പെടുന്നു. ആൾട്ട്മാനെ പിരിച്ചുവിടാനുള്ള തീരുമാനത്തിൽ ഉറച്ചുനിന്ന കമ്പനി എംമെറ്റ് ഷിയറിനെ ഇടക്കാല സിഇഒ ആയി നിയമിച്ചിരുന്നു. എന്നാൽ കമ്പനിക്കുള്ളിലെ രോഷമോ ഓപൺഎഐയുടെ നിക്ഷേപകർക്കിടയിലെ അസ്വസ്ഥതയോ ശമിപ്പിക്കാൻ ഇത് സഹായകമായില്ല. ബോർഡിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഓപൺഎഐ ജീവനക്കാരുടെ കത്തിൽ ഒപ്പിട്ടവരിൽ സറ്റ്‌സ്‌കേവറും ഉൾപ്പെടുന്നു.
ബോർഡിന്റെ നടപടികളിൽ പങ്കെടുത്തതിൽ ഖേദിക്കുന്നുവെന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്. ഓപൺഎഐയെ ഉപദ്രവിക്കാൻ താൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യങ്ങൾക്ക് മനുഷ്യനെ പോലെ ഉത്തരങ്ങൾ നൽകുന്നതിന് പ്രാപ്തമാക്കാൻ നിർമിത ബുദ്ധി പ്ലാറ്റ്‌ഫോമുകളെ വലിയ അളവിലുള്ള ഡാറ്റകളാൽ പരിശീലിപ്പിക്കപ്പെടുന്നതാണ് ചാറ്റ്ജിപിടിയെ പ്രശസ്തമാക്കിയത്. ഭാവനകൾ സൃഷ്ടിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ചാറ്റ്ജിപിടി ഉപയോഗിക്കപ്പെടുമ്പോൾ ഈ സാങ്കേതിക വിദ്യയിൽ ദുരുപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകി ധരാളം പേരാണ് രംഗത്തുള്ളത്. ഡീപ്‌ഫേക്ക് ഇമേജുകൾ ഉപയോഗിച്ച് ആളുകളെ ബ്ലാക്ക് മെയിൽ ചെയ്യുന്നത് മുതൽ ചിത്രങ്ങളുടെ കൃത്രിമത്വവും ദോഷകരമായ തെറ്റായ വിവരങ്ങളും വരെ ഇതിൽ ഉൾപ്പെടുന്നു.