വ്യാജ ഐ.ഡി കാര്‍ഡിൽ നടൻ അജിത്തും; അജിത് ക്യൂനില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്ത് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം-നടന്‍ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ.ഡി കാര്‍ഡ് നിര്‍മിച്ചതായി പോലീസ് കണ്ടെത്തിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
നടന്‍ അജിത് കുമാര്‍ വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് മന്ത്രിയുടെ പരിഹാസം.  ക്യൂ നിക്കുവാണ് എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി  ഫോട്ടോ പങ്കുവച്ചത്.

വ്യാജ ഐ.ഡി കാര്‍ഡ് നിര്‍മിച്ചുവെന്ന കേസിലെ പ്രതിയായ അഭി വിക്രത്തിന്റെ ഫോണിലാണ് നടന്റെ ഫോട്ടോ ഉപയോഗിച്ചുള്ള കാര്‍ഡ് കണ്ടെത്തിയത്. ഈ കാര്‍ഡ് വോട്ടിംഗിന് ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമാകണമെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് രേഖകള്‍ ലഭിക്കണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇത് കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ദിവസം ആയിരം രൂപവീതം പ്രതിഫലം നല്‍കിയാണ് വ്യാജ കാര്‍ഡുകള്‍ പ്രതികള്‍ തയാറാക്കിപ്പിച്ചതെന്നും പോലീസ് പറയുന്നു.
അറസ്റ്റിലായ അടൂര്‍ സ്വദേശിയും മുന്‍ പ്രസ് ജീവനക്കാരനുമായ വികാസ് കൃഷ്ണനാണ് കാര്‍ഡുകള്‍ തയാറാക്കിയത്. കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട മേല്‍വിലാസങ്ങളും ഫോട്ടോകളും നല്‍കിയത് മറ്റ് പ്രതികളാണെന്നും മൊഴിയില്‍ പറയുന്നു. 20 ദിവസത്തോളം എടുത്താണ് കാര്‍ഡുകള്‍ തയാറാക്കിയത്.

 

Latest News