ഗാസ- ഗാസ മുനമ്പില്‍ ഇസ്രായിലി സേനയും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടായത് ഏതൊക്കെ ബന്ദികളെ വിട്ടയക്കും, എങ്ങനെ എന്നതിനെക്കുറിച്ചുള്ള അവസാന നിമിഷ ആശയക്കുഴപ്പംമൂലമാണെന്ന് ഒരു ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ എ.എഫ്.പിയോട് പറഞ്ഞു.
വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും രാത്രി വൈകി, മോചിപ്പിക്കേണ്ട ഇസ്രായിലി ബന്ദികളുടെ പേരുകളും അവരെ മോചിപ്പിക്കുന്ന രീതികളും സംബന്ധിച്ച് അഭിപ്രായ ഭിന്നതയുണ്ടായതായി ചര്‍ച്ചാ പ്രക്രിയയെക്കുറിച്ച് അറിവുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മോചിപ്പിക്കപ്പെടേണ്ടവരുടെ പട്ടിക ഇരുപക്ഷവും കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബന്ദികളെ ഈജിപ്തിലേക്ക് മോചിപ്പിക്കുന്നതിന് മുമ്പ് റെഡ് ക്രോസിന്റെ പ്രവേശനത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു,
'നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട തടസ്സങ്ങളാണെന്നും യുദ്ധവിരാമത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഹമാസും പറഞ്ഞു.
മധ്യസ്ഥര്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ ചര്‍ച്ച നടത്തുകയാണ്, അന്തരീക്ഷം ഇപ്പോഴും ക്രിയാത്മകമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.