ഓടുന്ന കാറില്‍ പെണ്‍കുട്ടിക്ക് പീഡനം; ഉച്ചത്തില്‍ പാട്ടുവെച്ചു, ഒരാള്‍ അറസ്റ്റില്‍

ഭോപ്പാല്‍- മധ്യപ്രദേശില്‍ ഓടുന്ന കാറില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാറിലെത്തിയ നാലുപേര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ദിന്‍ഡോരി ജില്ലയിലെ ബജാഗ് പ്രദേശത്താണ് സംഭവം. സഹോദരിക്കൊപ്പം ബിര്‍സ മുണ്ടയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഗ്രാമത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു പെണ്‍കുട്ടി.

കാറിനുള്ളില്‍ വെച്ചും സമീപത്തെ വനപ്രദേശത്ത് എത്തിച്ചും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ കാറിനുള്ളില്‍ ഉച്ചത്തില്‍ പാട്ടുവെച്ചിരുന്നു. ബലാത്സംഗത്തിന് ശേഷം കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടി വീട്ടിലെത്തി സംഭവം വീട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

സംഭവം നടന്ന അന്നുതന്നെ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പിന്നീട് ഡിന്‍ഡോരി ജില്ലാ ആസ്ഥാനത്തെത്തി മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടപ്പോഴാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Latest News