ആലപ്പുഴയ്ക്ക് വന്ദേഭാരത് നഷ്ടമാകും, കോട്ടയത്തിന് കോളടിച്ചു 

തിരുവനന്തപുരം-ജനകീയ പ്രതിഷേധം കണക്കിലെടുത്ത് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സര്‍വ്വീസ് കോട്ടയം വഴിയാക്കാമെന്ന് റെയില്‍വേ അറിയിച്ചു. ആലപ്പുഴയില്‍ യാത്രക്കാരുടെ സംഘടനകളുടെ പേരില്‍ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണിത്. ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സര്‍വ്വീസ് കോട്ടയം വഴി തന്നെയാക്കും. ജനപ്രതിനിധികള്‍,പൗരപ്രമുഖര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവരുടെ അഭിപ്രായമനുസരിച്ചായിരിക്കും അന്തിമ തീരുമാനം.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘടനകളുടെ പ്രതിഷേധവും വാര്‍ത്തകളും കണക്കിലെടുത്ത് റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ആലപ്പുഴ വഴി വന്ദേഭാരത് സര്‍വ്വീസ് നടത്തുന്നത് രണ്ട് പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വ്വീസിനെയാണ് ബാധിക്കുന്നത്. വൈകിട്ട് 6ന് എറണാകുളത്തു നിന്ന് പുറപ്പെടുന്നത് 6.25ന് മാറ്റുകയും കായംകുളത്ത് എത്തിച്ചേരുന്ന സമയം 9.05 ആയി നിലനിറുത്തുകയും ചെയ്തു. രാത്രി 7.35ന് എറണാകുളത്തെത്തുന്ന പാസഞ്ചറിന്റെ സമയം വന്ദേഭാരത് വന്നതോടെ 7.50 ഉം ആക്കി . ആലപ്പുഴ വഴിയുളള ദീര്‍ഘദൂര ട്രെയിനുകളുടെ സര്‍വ്വീസിനെ വന്ദേഭാരത് സര്‍വ്വീസ് ബാധിച്ചിട്ടില്ല.
കേരളത്തിലെ നാല് വന്ദേഭാരത് സര്‍വ്വീസുകളും വന്‍ ലാഭത്തിലാണ്. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം കാസര്‍കോട് സര്‍വ്വീസ് രാജ്യത്ത് തന്നെ ഏറ്റവും ലാഭമേറിയ സര്‍വ്വീസാണ്. 200% ആണ് ബുക്കിംഗ് ഡിമാന്‍ഡ്. കോട്ടയം വഴിയുള്ള സര്‍വ്വീസിന് 186% ആണ് ഡിമാന്‍ഡ്.
 

Latest News