കോട്ടയം- വഞ്ചിനാട് എക്സ്പ്രസില്‍ യാത്ര ചെയ്ത നഴ്‌സിന്റെ ബാഗ് മോഷ്ടിച്ച പ്രതിയെ കോട്ടയം റെയില്‍വേ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. ബംഗളൂരുവില്‍ നിന്ന് എറണാകുളം ജംഗ്ഷനിലെത്തിയ ശേഷം വഞ്ചിനാട് എക്‌സ്പ്രസില്‍ ചെങ്ങന്നൂരിലേയ്ക്ക് യാത്ര ചെയ്ത പത്തനംതിട്ട സ്വദേശിനി ശ്രീമോളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗാണ് എറണാകുളത്തു നിന്നും ചെങ്ങന്നൂരിലേക്കുള്ള യാത്രക്കിടെ കവര്‍ച്ച ചെയ്യപ്പെട്ടത്. തിരുവനന്തപുരം കടയ്ക്കാവൂര്‍ അഞ്ചുതെങ്ങില്‍ നിന്നാണ് പ്രതിയായ ക്രിസ്തുദാസിനെ റെയില്‍വേ പോലീസ് പിന്തുടര്‍ന്ന് എത്തി പിടികൂടിയത്. നഴ്‌സിംഗ് പൂര്‍ത്തിയാക്കിയ ജോലി തേടി ബംഗളൂരുവില്‍ പോയതായിരുന്നു ശ്രീമോള്‍. ക്ഷീണം കൊണ്ട് യാത്ര തുടങ്ങി കുറച്ച് സമയം കൊണ്ട് ഉറങ്ങി. ഈ സമയത്താണ് സര്‍ട്ടിഫിക്കറ്റും ലാപ് ടോപ്പും മൊബൈല്‍ ഫോണും പഴസും മറ്റു വിലപ്പെട്ട രേഖകളുമടങ്ങുന്ന ബാഗ് കാണാതായത്. കോട്ടയം റെയില്‍വേ പോലീസില്‍ പരാതിപ്പെടുകയും റെയില്‍വേ പോലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
നഷ്ടപ്പെട്ട ബാഗിലെ മൊബൈല്‍ ഫോണിന്റെ സിഗ്‌നല്‍ പിന്തുടര്‍ന്ന പോലീസ് ഏനാത്ത് എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. അവിടെ വെച്ച് മൊബൈല്‍ ഫോണ്‍ പ്രതി ഉപേക്ഷിച്ചെങ്കിലും പോലീസ് മൊബൈല്‍ വീണ്ടെടുക്കയായിരുന്നു. മൊബൈല്‍ ഫോണിന്റെ സഞ്ചാരപഥവും സാഹചര്യത്തെളിവുകളും പ്രതിയായ ക്രിസ്തുദാസനിലേക്ക് നയിക്കുകയായിരുന്നു. കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി.