Sorry, you need to enable JavaScript to visit this website.

ഭരണകൂടങ്ങൾക്ക് സല്യൂട്ട് അടിക്കലല്ല വിദ്യാർഥി ധർമം -കെ.എം. ഷെഫ്‌റിൻ

തിരുവനന്തപുരം - സർക്കാർ നടത്തുന്ന നവകേരള സദസ്സിന് സ്‌കൂളുകളിൽ നിന്നും വിദ്യാർത്ഥികളെ എത്തിക്കാനുള്ള നിർദേശം അടിയന്തിരമായി പിൻവലിക്കണമെന്നും ഭരണകൂടങ്ങൾക്ക് സല്യൂട്ട് അടിക്കലല്ല വിദ്യാർഥി ധർമമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്‌റിൻ. 

സ്‌കൂളുകളിൽ നിന്നും 200 വീതം കുട്ടികളെ എത്തിക്കാനാണ് ഡി ഇ ഒ നിർദേശം നൽകിയത്.  ഇത്തരം സർക്കാർ വിലാസം പരിപാടികൾക്ക് കാഴ്ച്ചക്കാർ ആവേണ്ടവരല്ല വിദ്യാർഥികൾ. നവ കേരള സദസ്സിന് നേരെ ജനാധിപത്യപരമായി പ്രതിഷേധങ്ങൾ നടക്കുകയും ആ പ്രതിഷേധങ്ങളെ പോലീസും പാർട്ടി ഗുണ്ടകളും ചേർന്ന് ക്രൂരമായി അടിച്ചമർത്തുകയും ചെയ്യുന്ന സന്ദർഭത്തിൽ തന്നെയാണ് ഭരണകൂടത്തിനും മുഖ്യ മന്ത്രിക്കും അഭിവാദ്യം അർപ്പിക്കാൻ വിദ്യാർഥികളെ നിർബന്ധിക്കുന്നത്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വാഹനത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കാൻ കുട്ടികളെ നിർത്തുന്നതിലൂടെ വിമർശനങ്ങൾ ഉന്നയിക്കുന്നവരെ ഭീകരവത്കരിക്കാനുള്ള ശ്രമം കൂടിയാണ് നടത്തുന്നത്.  

ഭരണകൂടം, അധികാരികൾ എന്നിവയോട് വിദ്യാർഥികളിൽ സ്വഭാവികമായി ഉണ്ടാവേണ്ടുന്ന വിമർശനാത്മക ബോധത്തെ ഇല്ലായ്മ ചെയ്യുന്നു എന്നത് ഗൗരവതരമായ വിഷയമാണ്. 'അച്ചടക്കമുള്ള ' വിദ്യാർത്ഥികളെ എത്തിക്കണം എന്ന ഉത്തരവാദിത്വപ്പെട്ട മന്ത്രിയുടെ പ്രസ്താവന വിവേചനപരവും വിദ്യാർത്ഥികളുടെ വ്യതിരിക്തതയെ റദ്ദ് ചെയ്യുന്നതും വിദ്യാഭ്യാസ  ബോധന ശാസ്ത്ര സങ്കൽപങ്ങളെ തളളികളയുന്നതുമാണ്. ഇത്തരം പ്രസ്താവനകളിലൂടെ ഭരണഅധികാര വർഗങ്ങൾക്ക് റാൻ മൂളികളായി വിധേയപ്പെടേണ്ടവരാണ് ഭാവി തലമുറ എന്ന കമ്യൂണിസ്റ്റ്  വരണ്ട വാദത്തെ ഉത്തരവാക്കുകയാണ് മന്ത്രി. അത് ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. 
സർക്കാരിനെതിരെയുള്ള ഇത്തരത്തിലുള്ള പല പരിപാടികൾക്കും കുടുംബശ്രീ പോലെയുള്ള സംവിധാനങ്ങളിൽ നിന്നും ആളുകളെ നിർബന്ധിപ്പിച്ചു പങ്കെടുപ്പിക്കുന്നത് വിവാദം സൃഷ്ടിച്ചിരുന്നു. സമരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാൽ പോലും കേസെടുക്കുന്ന ബാലവകാശ കമ്മീഷൻ ഈ വിഷയത്തിൽ ഇടപെടാതിരിക്കുന്നത് പരിഹാസ്യമാണ്. നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളുമായും നിയമനടപടികളുമായും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മുന്നോട്ട് പോകുമെന്നും കെ.എം. ഷെഫ്‌റിൻ പറഞ്ഞു. 
 

Latest News