അങ്കാറ- ഫലസ്തീനികള്‍ക്കെതിരെ എല്ലാ അതിരുകളും ലംഘിച്ച് ആക്രമണം നടത്തിയ ഇസ്രായിലിന്റെ സമുദ്ര പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനായി
ഗാസ സമുദ്രത്തിലേക്ക് നാളെ ആയിരം അന്തരാഷ്ട്ര ബോട്ടുകള്‍ പുറപ്പെടുന്നു. ബോട്ടുകളുടെ പ്രതിഷേധ യാത്ര വ്യാഴാഴ്ച തുര്‍ക്കിയില്‍നിന്നാണ് ആരഭിക്കുകയെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒക്‌ടോബര്‍ 7 മുതല്‍ ഗാസക്കെതിരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ബോട്ടുകളുടെ പ്രതിഷേധ യാത്ര. വംശഹത്യയെ പ്രോത്സാഹിപ്പിക്കാന്‍ വരുന്ന എല്ലാ കപ്പലുകളേയും തടയുകയാണ് ലക്ഷ്യമെന്ന്
പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ വോള്‍ക്കന്‍ ഒക്‌സു തുര്‍ക്കി ദിനപത്രമായ ഹേബര്‍ 7ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
40 രാജ്യങ്ങളില്‍ നിന്നുള്ള 4,500 പേരാണ് ബോട്ട് യാത്രയില്‍ പങ്കെടുക്കുന്നത്. 313 ബോട്ടുകളുമായി റഷ്യയില്‍ നിന്നാണ് ഏറ്റവും വലിയ പങ്കാളത്തം. 104 ബോട്ടുകളുമായി സ്‌പെയിന്‍ ചേരുന്നു. 12 എണ്ണം തുര്‍ക്കി ബോട്ടുകളാണെന്നും ഒക്‌സു കൂട്ടിച്ചേര്‍ക്കുന്നു.
ഇസ്രായില്‍ തുറമുഖമായ അഷ്‌ദോദിലേക്ക് നീങ്ങുന്നന്നതിന് മുമ്പ് ഫ് ളോട്ടില്ല സൈപ്രസില്‍ തീരത്തണയും. പ്രതിഷേധക്കാര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ഇടപെടാന്‍ ഇസ്രായിലിന് അവസരം നല്‍കാതിരിക്കാന്‍ പേനാ കത്തി പോലും കൈവശം വെക്കില്ലെന്നും ഒക്‌സു പറഞ്ഞു.
ഗാസ മുനമ്പിലെ നാവിക ഉപരോധം ഭേദിക്കാന്‍ 2010ല്‍ നടത്തിയ ഗാസ ഫ്രീഡം ഫ് ളോട്ടില്ലയോട് സാമ്യമുള്ളതാണ് പ്രതിഷേധ നടപടി. അന്ന് ബോട്ടുകളെ ഇസ്രായേല്‍ നാവികസേന തടയുകയായിരുന്നു.