Sorry, you need to enable JavaScript to visit this website.

ഡീപ്‌ഫേക്ക് അശ്ലീല വീഡിയോകള്‍ കാരണം പെണ്‍കുട്ടികളുടെ പഠനം മുടങ്ങുന്നു

വാഷിംഗ്ടണ്‍- വ്യാജ എ.ഐ അശ്ലീല വീഡിയോകളും ചിത്രങ്ങളും അമേരിക്കയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ യഥര്‍ഥ ലൈംഗിക പീഡനത്തിലേക്കും മാനസിക പീഡനത്തിലേക്കും നയിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ബ്ലാക്ക്‌മെയില്‍ ചെയ്ത് ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളാണ് ഒരു ഭാഗത്തെങ്കില്‍ ഇത്തരം വീഡിയോകള്‍ പല വിദ്യാര്‍ഥികളുടെയും ജീവിതം തന്നെ തകര്‍ത്തിരിക്കയാണ്.
ടെക്‌സസില്‍നിന്നുള്ള 14 വയസ്സുകാരി എല്ലിസ് ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ നിരവധി മിസ്ഡ് കോളുകളും ടെക്സ്റ്റുകളുമാണ് കണ്ടത്.  അവയിലെല്ലാം ഒരേ കാര്യമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അവളുടെ നഗ്‌നചിത്രങ്ങള്‍. അത്തരത്തിലുള്ള ഒരു ചിത്രവും അവള്‍ യഥാര്‍ഥത്തില്‍ എടുത്തിട്ടില്ല.
നേരത്തെ തന്നെ പ്രത്യക്ഷപ്പെട്ടിരുന്ന ഡീപ്‌ഫേക്കുകള്‍ എന്ന് വിളിക്കുന്ന വീഡിയോകളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതല്‍ കൂടുതല്‍ യഥാര്‍ത്ഥ വീഡിയോകളാണെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലേക്കാണ് സാങ്കേതിക ലോകം നീങ്ങുന്നത്. എല്ലിസിന്റെ ഫോട്ടോകള്‍ കൈക്കലാക്കിയ സഹപാഠിയാണ് വ്യജ നഗ്നവീഡിയോകള്‍ക്ക് പിന്നില്‍.  ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് എടുത്തതായിരുന്നു.  സഹപാഠികളായ മറ്റു വിദ്യാര്‍ഥികളും ഇരകളാക്കപ്പെട്ടു. അവരുടെ മുഖം മറ്റ് ആളുകളുടെ നഗ്‌നശരീരത്തില്‍ സ്ഥാപിച്ചു. യഥാര്‍ത്ഥ ശരീരം പോലെ തന്നെയാണ്  കാണപ്പെടുന്നതെന്നും എന്നാല്‍ താന്‍ ഒരിക്കലും  അത്തരത്തിലുള്ള ഒന്നും ചെയ്തിട്ടില്ലെന്നും എല്ലിസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.


ഈ വാർത്ത കൂടി വായിക്കുക
ഫലസ്തീനികള്‍ക്കും മുസ്ലിംകള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ ഹോളിവുഡ് നടിയെ പുറത്താക്കി
മോചിപ്പിക്കുന്ന 300 ഫല്‌സതീനികളുടെ പട്ടിക തയാറാക്കി ഇസ്രായില്‍, കരാറിലെ കൂടുതല്‍ വിവരങ്ങള്‍

ടെക്‌സാസില്‍ എല്ലിസില്‍നിന്ന് പോലീസും സ്‌കൂള്‍ അധികൃതരും മൊഴിയെടുത്തു. അഭിമുഖം നടത്തി. എല്ലിസിന്റെ അശ്ലീല ഫോട്ടോകള്‍ക്ക് പിന്നിലുള്ള സഹപാഠിയെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. വിഷാദത്തിലായ എല്ലിസ് സ്‌കൂള്‍ മാറാന്‍ ആവശ്യപ്പെട്ടു.
എത്ര ആളുകള്‍ക്ക് ഫോട്ടോകള്‍ സേവ് ചെയ്യാനും അയയ്ക്കാനും കഴിയുമെന്ന് എനിക്കറിയില്ല. അവന്‍ എത്ര ഫോട്ടോകള്‍ എടുത്തിട്ടുണ്ടെന്നും എനിക്കറിയില്ല -എല്ലിസ് പറഞ്ഞു. ഇന്റര്‍നെറ്റ് എന്നെന്നോക്കുമായി നിലനില്‍ക്കുന്നതിനാല്‍   ഫോട്ടോകള്‍ എപ്പോള്‍ വീണ്ടും ഉയര്‍ന്നുവന്നേക്കാമെന്നതിനെക്കുറിച്ചും എല്ലിസും അമ്മയും ആശങ്കപ്പെടുന്നു. ജീവിതകാലം മുഴുവന്‍ ഇതു തന്നെ ബാധിച്ചേക്കാമെന്നാണ് എല്ലിസ് പറയുന്നത്.
ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് കുതിച്ചുയരുന്നതിനനുസരിച്ച് ഡീപ്‌ഫേക്ക് പോണോഗ്രഫിയും കുതിച്ചുയരുകയാണ്. കുറഞ്ഞ പ്രയത്‌നവും പണവും മതിയെന്നതിനാലാണ് ഹൈസ്‌കൂള്‍ കുട്ടികളെ വലയില്‍ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെ ഇത്തരം വീഡിയോകള്‍ കൂടുതലായി സൃഷ്ടിക്കപ്പെടുന്നത്.
എ.ഐ ഉപയോഗിച്ച് നിര്‍മിച്ച ഹൈപ്പര്‍ റിയലിസ്റ്റിക് ചിത്രങ്ങളും വീഡിയോകളും  അമേരിക്കയിലെ ഒന്നിലധികം ഹൈസ്‌കൂളുകളില്‍ അപവാദങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും കാരണമായി.  ഡീപ്‌ഫേക്ക് നിരോധിക്കുന്ന ഫെഡറല്‍ നിയമം ഇനിയും ഇല്ലാത്തതിനാല്‍ എങ്ങനെ നേരിടണമെന്നറിയാതെ അധികൃതരും നട്ടംതിരിയുന്നു. പെണ്‍കുട്ടികള്‍ കരയുകയാണെന്നും നാണക്കേട് കാരണം അവര്‍ക്ക് തല ഉയര്‍ത്താനന്‍ കഴിയുന്നില്ലെന്നും എല്ലിസിന്റെ മാതാവ് അന്ന ബെറി മെക്ആഡംസ് പറഞ്ഞു. യഥാര്‍ഥമല്ലെന്ന് ആരും വിശ്വസിക്കാത്ത തരത്തിലുള്ള വീഡിയോകള്‍ കാരണം കുട്ടികള്‍ അതിനു ശേഷം സ്‌കൂളില്‍ പോകാന്‍ തയാറാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
ഡീപ്‌ഫേക്കുകള്‍ എത്രത്തോളം വ്യാപകമാണെന്ന് കണക്കാക്കാന്‍ പ്രയാസമാണെങ്കിലും, ഡാളസിന് പുറത്തുള്ള എല്ലിസിന്റെ സ്‌കൂളില്‍ മാത്രമല്ല, വടക്കുകിഴക്കന്‍ സംസ്ഥാനമായ ന്യൂജഴ്‌സിയിലെ ഒരു ഹൈസ്‌കൂളിലും വ്യാജ നഗ്‌നചിത്ര വിവാദം ഉടലെടുത്തു. ഇത് കൂടുതല്‍ കൂടുതല്‍ സംഭവിക്കാന്‍ പോകുകയാണെന്നും അവിടെ ഇരയായ  14 കാരിയുടെ മാതാവ് ഡൊറോട്ട മണി പറഞ്ഞു.
തങ്ങളറിയാതെ അശ്ലീല ഡീപ്‌ഫേക്കുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടോ എന്നറിയാന്‍ ഒരു മാര്‍ഗവുമില്ല. ഇരയയാവര്‍ സംസാരിക്കുമ്പോള്‍ മാത്രമേ അന്വേഷണം ഉണ്ടാകൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇരകാളകുന്നവര്‍ക്ക് ചിത്രങ്ങളുണ്ടെന്ന് പോലും അറിയില്ല. എവിടെ നിന്നാണ്, എന്തില്‍ നിന്നാണ് തങ്ങളുടെ ഫോട്ടോകളും വീഡിയോകളും എടുത്തിരിക്കുന്നതെന്ന് കുട്ടികള്‍ക്ക് അറിയില്ല. അതുകൊണ്ടു തന്നെ  സ്വയം പരിരക്ഷിക്കാനും കഴിയില്ല.
സെലിബ്രിറ്റികളെ കേന്ദ്രീകരിച്ചുള്ള വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും വര്‍ഷങ്ങളായി നിലവിലുണ്ട്. എന്നിട്ടും ഈ സാങ്കേതിക വിദ്യയെ പിടികൂടാനും നിയന്ത്രിക്കാനുമുളള നിയമം മന്ദഗതിയിലാണെന്ന് വിദഗ്ധര്‍ പറയുന്നു.
ലിങ്ക്ഡ്ഇന്‍ ഹെഡ്‌ഷോട്ട് പോസ്റ്റുചെയ്തവര്‍ പോലും വ്യാജ വീഡിയോകള്‍ക്ക് ഇരയാകാം. ചിത്രങ്ങള്‍
ഈ രീതിയില്‍ ഉപയോഗിക്കുമെന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്ന് ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ ഹാനി ഫരീദ് പറഞ്ഞു.
കഴിഞ്ഞ മാസം, പ്രസിഡന്റ് ജോ ബൈഡന്‍ കൃത്രിമ ബുദ്ധിയെക്കുറിച്ചുള്ള ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും നിര്‍മിക്കുന്നതിനെതിരെയും യഥാര്‍ത്ഥ വ്യക്തികളുടെ സമ്മതമില്ലാത്ത ഇമേജറി നിര്‍മിക്കുന്നതിനെതിരെയും വ്യവസ്ഥകള്‍ വേണമെന്നാണ് നിര്‍ദേശം.
ചില ചിത്രങ്ങളുടെ വ്യക്തിഗത സ്രഷ്ടാക്കളെ കണ്ടെത്തുന്നത് പല കേസുകളിലും ബുദ്ധിമുട്ടാണെന്ന് തെളിഞ്ഞിട്ടുണ്ട്. അവരുടെ പിന്നിലുള്ള എ.ഐ കമ്പനികളെയോ ഫോട്ടോകള്‍ പങ്കിടുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയോ ഉത്തരവാദികളാക്കണമെന്ന് ഹാനി ഫരീദ് പറയുന്നു.
എന്നാല്‍ വ്യാജ അശ്ലീലത്തെ നിയന്ത്രിക്കുന്ന ഒരു ദേശീയ നിയമവും നിലവിലില്ല. യു.എസില്‍ ചുരുക്കം  ചില സംസ്ഥാനങ്ങളില്‍ മാത്രമേ ഇത് നിയന്ത്രിക്കുന്ന നിയമങ്ങള്‍ പാസാക്കിയിട്ടുള്ളൂ.
സ്മാര്‍ട്ട് ഫോണും കുറച്ച് ഡോളറും ഉള്ള ആര്‍ക്കും വ്യാപകമായി ലഭ്യമായ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിയും. ഇരകളില്‍ പലരും  യുവതികളും പെണ്‍കുട്ടികളുമാണ്. അവര്‍ ഇതോടെ പൊതുരംഗത്തേക്ക് വരാന്‍ ഭയപ്പെടുന്നു.
ഡീപ്‌ഫേക്ക് അശ്ലീലത്തിന് ഒരാളുടെ ജീവിതം തന്നെ  നശിപ്പിക്കാന്‍ കഴിയുമെന്ന് ഉത്കണ്ഠ, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ എന്നിവ അനുഭവിച്ച ഇരകളെ ഉദ്ധരിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിങ്ങളുടെ മുഖം ചേര്‍ത്തിരിക്കുന്ന ശരീരം യഥാര്‍ത്ഥത്തില്‍ നിങ്ങളുടേതല്ല -കൃത്രിമ ബുദ്ധി നൈതികതക്ക് വേണ്ടി വാദിക്കുന്ന ശാസ്ത്രജ്ഞ റെനി കമ്മിംഗ്‌സ് പറഞ്ഞു.
ഒരാളുടെ സമ്മതമില്ലാതെ നഗ്ന ഫോട്ടോകള്‍ വിതരണം ചെയ്യുന്നത് വിലക്കുന്ന നിലവിലുള്ള നിയമങ്ങള്‍ ഡീപ്‌ഫേക്കുകള്‍ക്ക് ബാധകമല്ലെന്ന് വാദിക്കാമെന്നും വിര്‍ജീനിയ യൂനിവേഴ്‌സിറ്റി പ്രൊഫസറായ അവര്‍ പറഞ്ഞു.

 

Latest News