ടെല്‍അവീവ്- ഗാസയില്‍ ഹമസുമായുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരാനിരിക്കെ കൂടുതല്‍ അവകാശവാദങ്ങളുമായി ഇസ്രായില്‍ പ്രതിരോധ സേന. കഴിഞ്ഞ മാസം കര ആക്രമണം ആരംഭിച്ചതിന് ശേഷം ഗാസ മുനമ്പിലെ 400 ഓളം ഭീകര തുരങ്കങ്ങള്‍ സൈന്യം കണ്ടെത്തി നശിപ്പിച്ചതായി ഇസ്രായില്‍ അവകാശപ്പെട്ടു.
വടക്കന്‍ ഗാസയില്‍ ഒരു സൈനികന്റെ മരണമാണ് ഏറ്റവും ഒടുവില്‍ സൈന്യം സ്ഥിരീകരിച്ചത്. ഇതോടെ കരയുദ്ധത്തില്‍ സൈനികരുടെ മരണസംഖ്യ 69 ആയി ഉയര്‍ന്നു.
താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് വടക്കന്‍ ഗാസയില്‍ ഹമാസ് ഭീകരര്‍ക്കെതിരെ കനത്ത പോരാട്ടം തുടരുകയാണെന്നാണ് ഐഡിഎഫ് വ്യക്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കുട്ടികളും സ്ത്രീകളുമടക്കം 50 ഓളം ഇസ്രായില്‍ ബന്ദികളേയും 150 ഓളം ഫലസ്തീന്‍ സുരക്ഷാ തടവുകാരേയും മോചിപ്പിക്കാനുള്ള താല്‍ക്കാലിക വെനിര്‍ത്തല്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുമെന്നാണ് സൂചന.
അതിനിടെ, ബുധനാഴ്ച രാവിലെയും വൈകുന്നേരവും ഗാസ അതിര്‍ത്തി പട്ടണങ്ങളില്‍ പലതവണ റോക്കറ്റ് സൈറണുകള്‍ മുഴങ്ങി.