ജിദ്ദ - പത്തു വർഷത്തിനിടെ സൗദിയിൽ വാഹനാപകട മരണ നിരക്ക് 40 ശതമാനം തോതിൽ കുറഞ്ഞതായി ആരോഗ്യ മന്ത്രാലയ റിപ്പോർട്ട് വ്യക്തമാക്കി. 2013 മുതൽ 2022 വരെയുള്ള കാലയളവിലാണ് വാഹനാപകട മരണ നിരക്ക് ഇത്രയും കുറഞ്ഞത്. 2030 ഓടെ വാഹനാപകട മരണ നിരക്ക് 50 ശതമാനം തോതിൽ കുറക്കുകയെന്ന ആഗോള ലക്ഷ്യത്തിലേക്ക് സൗദി അറേബ്യ ഏറെ അടുത്തിരിക്കുന്നു. ആഗോള ലക്ഷ്യം കൈവരിക്കാൻ പത്തു ശതമാനം മാത്രമാണ് മറികടക്കാനുള്ളത്. 2030 നു മുമ്പായി ഇത് നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷം സൗദിയിൽ വാഹനാപകടങ്ങളിൽ 4,555 പേരാണ് മരണപ്പെട്ടത്. 24,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2013 ൽ വാഹനാപകടങ്ങളിൽ 7,000 ലേറെ പേർ മരണപ്പെടുകയും 39,000 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വാഹനാപകടങ്ങൾ സാമൂഹിക, സാമ്പത്തിക മേഖലകളിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. സൗദിയിൽ ഗതാഗത സുരക്ഷ വർധിപ്പിക്കാൻ വിഷൻ 2030 ലക്ഷ്യമിടുന്നു.
പ്രധാന റോഡുകളിലും എക്‌സ്പ്രസ്‌വേകളിലും എൻജിനീയറിംഗ് പരിഷ്‌കാരങ്ങൾ നടപ്പാക്കിയും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ട്രാഫിക് നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കിയും ഗതാഗത നിയമ ലംഘനങ്ങൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചും ഗുരുതരമായ വാഹനാപകടങ്ങളുടെ എണ്ണം കുറക്കുന്നതിൽ ഗതാഗത സുരക്ഷാ മന്ത്രിതല കമ്മിറ്റി വിജയിട്ടുണ്ട്. വാഹനാപകടങ്ങളിലെ മരണ നിരക്ക് കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അഞ്ചു പ്രവിശ്യകളിൽ എയർ ആംബുലൻസ് സേവനവും ആരംഭിച്ചിട്ടുണ്ട്. അപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ ചികിത്സക്ക് ആശുപത്രികളുടെ ശേഷികൾ ഉയർത്തിയിട്ടുമുണ്ട്. വാഹനാപകടങ്ങളിൽ പെടുന്നവരുടെ ചികിത്സക്കായി പ്രത്യേക മെഡിക്കൽ സെന്ററുകളും തുറന്നിട്ടുണ്ട്.