വിശുദ്ധ ഭൂമിയില്‍ ആദ്യ കണ്‍മണി ഇന്ത്യക്കാരിക്ക്; നന്ദിയോടെ ഷാഹിന്‍

മക്ക- ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നെത്തിയ ഹാജിമാര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ക്കായി വിശുദ്ധ ഭൂമിയില്‍ വിപുലമായ സൗകര്യങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ വിവിധ ദേശക്കാരായ സ്ത്രീകള്‍ പ്രസവിക്കാനെത്തുമെന്നും അധികൃതര്‍ കണക്കൂകൂട്ടിയിരുന്നു.
വിശുദ്ധ മക്കയില്‍ ഈ വര്‍ഷം ആദ്യകുഞ്ഞ് പിറന്നത് ഇന്ത്യന്‍ തീര്‍ഥാടകക്കാണ്. കഴിഞ്ഞ ചൊവ്വാഴ്ച പ്രസവിച്ച 21 കാരി ഷാഹിന്‍ കര്‍ബാനും പെണ്‍കുഞ്ഞും സുഖമായിരിക്കുന്നു.
ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രി അധികൃതരും അതീവ ശ്രദ്ധയാണ് പുലര്‍ത്തിയതെന്നും ഹജ് നിര്‍വഹിക്കുന്നതിനായി വിശുദ്ധ ഭൂമിയിലെത്താനും ഇവിടെ തന്നെ കുഞ്ഞിനു ജന്മം നല്‍കാന്‍ സാധിച്ചതിലും അതിയായ സന്തോഷമുണ്ടെന്നും കാരുണ്യവാനായ നാഥന് സ്തുിതകളര്‍പ്പിക്കുന്നുവെന്നും ഷാഹിന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വിശുദ്ധ മക്കയില്‍ തീര്‍ഥാടകര്‍ക്ക് ഒമ്പത് കണ്‍മണികള്‍ പിറന്നിരുന്നു. ഹജിനെത്തിയ വിവിധ ദേശക്കാരായ വനിതകളാണ് മക്കയിലെ മെറ്റേണിറ്റി ആന്റ് ചൈല്‍ഡ് ഹോസ്പിറ്റലില്‍ പ്രസവിച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് ആശുപത്രിയിലുള്ളതെന്ന് മക്ക മെറ്റേണിറ്റി ആന്റെ ചൈല്‍ഡ് ഹോസ്പിറ്റല്‍ ഡയരക്ടര്‍ ഡോ. അനസ് സദ്ദായോ പറഞ്ഞു.
 
 

Latest News