Sorry, you need to enable JavaScript to visit this website.

കിടക്കയുടെ ഒരുഭാഗം വാടകയ്ക്ക്, മാസവാടക 54000 രൂപ

ടൊറന്റോ- ലോകത്തെല്ലായിടത്തും വീടുകള്‍ക്ക് വില കൂടി വരികയാണ്. വില മാത്രമല്ല, വാടകയും അങ്ങനെ തന്നെ, ഒടുക്കത്തെ വാടകയാണ്. പ്രത്യേകിച്ച് പ്രധാന നഗരങ്ങളില്‍. അങ്ങനെ ഒരു നഗരമാണ് കാനഡയിലെ ടൊറന്റോ. അതിനാല്‍ തന്നെ ഇവിടെ വാടകയും വളരെ വളരെ കൂടുതലാണ്. ഇവിടെ വീടുകളേക്കാളും അവിടുത്തെ സ്ഥിരം താമസക്കാരേക്കാളും കൂടുതല്‍ ഒരുപക്ഷേ കുടിയേറ്റക്കാരായിരിക്കും. ഇതൊക്കെ കൊണ്ടുതന്നെ ചെറിയ വാടകയ്ക്ക് ഒരു താമസസ്ഥലം കിട്ടുക വളരെ അധികം പ്രയാസമുള്ള സംഗതിയാണ്.
എന്നാല്‍, ഓരോ പുതിയ പ്രശ്നമുണ്ടാകുമ്പോഴും ആളുകള്‍ അതിനെ മറികടക്കാന്‍ ഓരോ വഴിയും കണ്ടെത്തും എന്നല്ലേ? അങ്ങനെ, ഇപ്പോള്‍ തങ്ങളുടെ കിടക്കയുടെ ഒരു ഭാഗം ഷെയര്‍ ചെയ്യാന്‍ ആളുകളെ തെരഞ്ഞുകൊണ്ടിരിക്കയാണ് പലരും. അതായത് ഒരു ഭാഗം കിടക്ക വാടകയ്ക്ക്. ഫേസ്ബുക്ക് മാര്‍ക്കറ്റ്പ്ലേസില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഇത്തരം ഒരു പരസ്യത്തില്‍ ഒരു ഭാഗം കിടക്കയ്ക്ക് ചോദിക്കുന്ന വാടക മാസം 650 കനേഡിയന്‍ ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 54000 രൂപ വരും ഇത്.
ദിവസേന വാടക കൂടിക്കൂടി വരുന്നതിനാല്‍ തന്നെ പലര്‍ക്കും വീട് വാടകയ്ക്ക് എടുക്കാന്‍ സാധിക്കുന്നില്ല. അതുപോലെ തന്നെ എടുത്താലും ഒറ്റയ്ക്ക് വാടക കൊടുക്കാന്‍ സാധിക്കാറുമില്ല. ജോലി ചെയ്യാനും പഠനാവശ്യത്തിനും ഒക്കെയായി നഗരത്തില്‍ എത്തുന്നവരെ സംബന്ധിച്ച് മറ്റ് മാര്‍ഗവും ഇല്ല. ഏതായാലും ഈ പ്രതിസന്ധിയെ മറികടക്കാനാവണം അവര്‍ ഇങ്ങനെ ഒരു പുതിയ ഐഡിയ കണ്ടെത്തിയിരിക്കുന്നത്.
കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്റെ സമീപകാലത്തെ പ്രതിമാസ ഡാറ്റ പ്രകാരം രാജ്യത്തെ ഭവന വിപണി ഇപ്പോഴും ഇടിവ് നേരിട്ടു കൊണ്ടിരിക്കയാണത്രെ. വീടുകളുടെ വില്‍പന വളരെ കുറവാണ് എന്നും കണക്കുകള്‍ പറയുന്നു.

Latest News