Sorry, you need to enable JavaScript to visit this website.

മോമോ പേടി വേണ്ടെന്ന് കേരള പോലീസ്

തിരുവനന്തപുരം- ഒട്ടേറെ കൗമാരക്കാരുടെ ജീവൻ അപഹരിച്ചെന്ന് കരുതപ്പെടുന്ന ബ്ലൂവെയിൽ ഗെയിമിന് ശേഷം ഭീകരരൂപിയായി കരുതപ്പെടുന്ന മോമോ ഗെയിം സംബന്ധിച്ച് വ്യാജവാർത്ത പടരുന്നതായി കേരള പോലീസ്. മോമോ ഗെയിം സംബന്ധിച്ച് ആശങ്കവേണ്ടെന്നും കേരളത്തിൽ ഇതേവരെ ഇതുമായി ബന്ധപ്പെട്ട് ഒരു കേസും എടുത്തിട്ടില്ലെന്നും കേരള പോലീസ് അറിയിച്ചു. 
പോലീസ് അറിയിപ്പ് ഇങ്ങിനെ. 
മോമോ ഗെയിംനെ സംബന്ധിച്ച ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിലവിൽ ആരും പേടിക്കേണ്ട സാഹചര്യമില്ല എന്നറിയിക്കുന്നു. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ്‌പ്പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും ഇത്തരത്തിൽ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണം.അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽ പ്പെട്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ, ജില്ലാ സൈബർസെല്ലിനേയോ, കേരള പോലീസ് സൈബർഡോമിനെയോ അറിയിക്കുക.

എന്നാൽ ഈ സാഹചര്യം മുതലെടുത്ത് ചില സാമൂഹിക വിരുദ്ധർ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിലേക്കായി വ്യാജ നമ്പരുകളിൽ നിന്നും മോമോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങൾ വിഴി മറ്റുള്ളവരെ ഭയപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
പോലീസ് വ്യക്തമാക്കി. 
ബ്ലൂ വെയിൽ പോലെ കുട്ടികളെ മരണത്തിലേക്ക് തള്ളിവിടുന്ന ഗെയിമാണ് മോമോ എന്നാണ് കരുതുന്നത്. ഭീകരരൂപിയായ സ്ത്രീയുടെ രൂപമാണ് മോമോയുടെ ഐക്കൺ. കഴിഞ്ഞദിവസം അർജന്റീനയിൽ ആത്മഹത്യ ചെയ്ത കൗമാരക്കാരിയുടെ മരണത്തിന് പിന്നിൽ മോമോ ആണ് കാരണമെന്നാണ് കരുതപ്പെടുന്നത്. 

Latest News