Sorry, you need to enable JavaScript to visit this website.

ന്യമോണിയ ബാധിച്ച പിഞ്ചുകുഞ്ഞിന് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് ചികിത്സ; 40 തവണ കുത്തി

ഭോപ്പാല്‍- ന്യുമോണിയ ബാധിച്ച ഒന്നര മാസം പ്രായമായ കുഞ്ഞിനെ പഴുപ്പിച്ച ഇരുമ്പുദണ്ഡ് കൊണ്ട് ചികിത്സിച്ചു. ശരീരത്തില്‍ 40 തവണ ചൂടാക്കിയ ഇരുമ്പുദണ്ഡ് കൊണ്ട് പൊള്ളിച്ച കുഞ്ഞിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മധ്യപ്രദേശിലെ ഷാഡോള്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ന്യുമോണിയ ബാധിച്ച കുഞ്ഞിനെ പ്രാദേശിക നഴ്‌സ് ഇങ്ങനെ ചികിത്സിച്ചത്. കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
കുട്ടിയുടെ കഴുത്തിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും 40 ലധികം പാടുകള്‍ കണ്ടെത്തിയതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
കുഞ്ഞ് ഇപ്പോള്‍  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഹാര്‍ഡി ഗ്രാമത്തില്‍ താമസിക്കുന്ന കുഞ്ഞിന്റെ കുടുംബം വില്ലേജ് നഴ്‌സിനെ ചികിത്സക്കായി സമീപിക്കുകയായിരുന്നു.  നഴ്‌സിന്റെ നിര്‍ദേശപ്രകാരം കുഞ്ഞിന്റെ മുത്തശ്ശിയാണ് അവരുടെ ചൂടുള്ള ഇരുമ്പ് ചികിത്സ നല്‍കിയതെന്ന് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ (സിഎംഎച്ച്ഒ) ഡോ. ആര്‍. എസ്. പാണ്ഡെ പറഞ്ഞു.
കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്ന്, മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി.
ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കുഞ്ഞ് ജനിച്ചമ്പോഴും വീണ്ടും ന്യൂമോണിയ ബാധിച്ചപ്പോഴും ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് കുത്തിയിരുന്നുവെന്ന് മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം മേധാവി ഡോ.നിശാന്ത് പ്രഭാകര്‍ പറഞ്ഞു.
കുട്ടിയുടെ കഴുത്തിലും വയറിലും പുറം ഭാഗത്തും മറ്റ് ശരീരഭാഗങ്ങളിലും 40ലധികം  പാടുകള്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും പ്രഭാകര്‍ പറഞ്ഞു.
ജില്ലയില്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ കുട്ടികളുടെ രോഗങ്ങള്‍ക്ക് ഇരുമ്പ് ദണ്ഡ് കൊണ്ട് കുത്തുന്നത് പതിവാണെന്ന് പറയുന്നു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഷാഡോള്‍ ജില്ലയില്‍, ന്യുമോണിയ ചികിത്സിക്കുന്നതിനായി 50ലധികം തവണ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് കുത്തിയതിനെ തുടര്‍ന്ന് മരിച്ച രണ്ടര മാസം പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തിരുന്നു.
അതേ മാസം തന്നെ ജില്ലയില്‍ മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടിയെ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് കുത്തിയ മറ്റൊരു സംഭവവും പുറത്തുവന്നു.

ഈ വാർത്ത കൂടി വായിക്കുക
ഇസ്രായിലുമായി വെടിനിര്‍ത്തല്‍ കരാര്‍ അന്തിമ ഘട്ടത്തിലെന്ന് ഹമാസ് നേതാവ്
അമേരിക്കന്‍ ടാങ്കുകളും സൈനികരും ഇസ്രായിലില്‍; വീഡിയോ വസ്തുത

Latest News