Sorry, you need to enable JavaScript to visit this website.

ഇന്ത്യ ജയിക്കുമായിരുന്ന കളി ദുശ്ശകുനം തോൽപ്പിച്ചു; മോഡിക്കെതിരെ രാഹുൽ

ജയ്പൂർ-പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി  ദുശ്ശകുനം എന്ന് ആക്ഷേപിച്ചുവെന്ന് ബി.ജെ.പി. ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് ഫൈനലിൽ മോഡി എത്തിയിരുന്നില്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി ജയ്പൂരിലെ തെരഞ്ഞെടുപ്പു റാലിയിൽ പറഞ്ഞു. ഈ സമയത്ത് ആൾക്കൂട്ടത്തിൽനിന്നൊരാൾ പനൗട്ടി(ദുശകുനം)എന്ന് വിളിച്ചു പറഞ്ഞു. ഈ വാക്ക് രാഹുൽ എടുത്തുപയോഗിക്കുകായിരുന്നു. ഇന്ത്യ-ഓസീസ് ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന് മോഡി അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തിൽ എത്തിയിരുന്നു. നമ്മുടെ കുട്ടികൾ നന്നായി കളിക്കുന്നവരായിരുന്നു. അവർ ലോകകപ്പ് നേടുമായിരുന്നു. പക്ഷേ ദുശ്ശകുനം നമ്മളെ തോൽപ്പിച്ചു. ടിവിക്കാർ നിങ്ങളോട് ഇത് പറയില്ല, പക്ഷേ ആളുകൾക്ക് അറിയാം എന്നായിരുന്നു രാഹുലിന്റെ പരാമർശം. മോഡിയെ 'ദുശ്ശകുനം' എന്ന് രാഹുൽ നേരിട്ട് വിളിച്ചില്ലെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരിലുള്ള അഹമ്മദാബാദ് സ്‌റ്റേഡിയത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന്റെ പതനത്തിന് കാരണമായെന്ന് രാഹുൽ പറഞ്ഞു. 
കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് ജയറാം രമേശും മോഡിക്കെതിരെ ക്രിക്കറ്റ് പരാജയത്തിന്റെ പേരിൽ ആഞ്ഞടിച്ചിരുന്നു. തോൽവിക്ക് ശേഷം ഇന്ത്യൻ ടീം കളിക്കാരെ മോഡി ആശ്വസിപ്പിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ജയറാം രമേശിന്റെ പരാമർശം. സ്വയം തയ്യാറാക്കി കൊറിയോഗ്രാഫ് ചെയ്ത ഈ വീഡിയോയിൽ ഇന്ത്യയിലെ യുവജനം വഞ്ചിതരാകില്ല എന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്.  

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പനോട്ടി എന്ന് വിളിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ഭാരതീയ ജനതാ പാർട്ടി നേതാവ് രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. 'രാഹുൽ ഗാന്ധി, നിങ്ങൾക്ക് എന്താണ് സംഭവിച്ചത്? രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് എതിരെയാണ് നിങ്ങൾ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത്. നമ്മുടെ പ്രധാനമന്ത്രി കളിക്കാരെ കാണുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്തു. ജയവും തോൽവിയും കളിയുടെ ഭാഗമാണ്. രാഹുൽ ഗാന്ധി മാപ്പ് പറയണം- പ്രസാദ് ആവശ്യപ്പെട്ടു. 

രാഹുൽ ഗാന്ധി ഭൂതകാലത്തിൽ നിന്ന് പഠിക്കേണ്ടതുണ്ടെന്നും പ്രസാദ് പറഞ്ഞു. നിങ്ങളുടെ അമ്മ (സോണിയ ഗാന്ധി) നരേന്ദ്ര മോഡിയെ മൗത് കാ സൗദാഗർ(മരണങ്ങളുടെ വ്യാപാരി) എന്ന വാക്ക് ഉപയോഗിച്ചു, ഇപ്പോൾ കോൺഗ്രസ് എവിടെയാണെന്ന് നോക്കൂ, അദ്ദേഹം കൂട്ടിച്ചേർത്തു.
 

Latest News