ന്യൂദല്‍ഹി- യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിന് പിന്നില്‍ കോവിഡ് വാക്‌സിനാണെന്ന ആരോപണം തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ. സി. എം. ആര്‍) പഠനം. ഇത്തരം അപകട സാധ്യതകള്‍ കുറക്കുന്നതാണ് കോവിഡ് വാക്‌സിനെന്നും പഠനം പറയുന്നു.
18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ പെട്ടെന്ന് മരിക്കുന്നെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഐ. സി. എം. ആര്‍ പഠനം നടത്തിയത്. രാജ്യത്തെ ആശുപത്രികളെ കേന്ദ്രീകരിച്ച് 2021 ഒക്ടോബറില്‍ തുടങ്ങിയ പഠനം 2023 മാര്‍ച്ചിലാണ് അവസാനിച്ചത്.
യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണത്തിന് കോവിഡ് വാക്‌സിന്‍ കാരണമല്ലെന്നും കോവിഡ് രോഗം ഗുരുതരമായി ബാധിച്ചതും മദ്യപാനം ഉള്‍പ്പെടെയുള്ള ജീവിത ശൈലിയുമാണ് മരണത്തിലേക്ക് നയിക്കുന്നതെന്നാണ് പഠനം പറയുന്നത്.
കോവിഡ് ബാധിച്ചതിന് ശേഷമുള്ള ആരോഗ്യാവസ്ഥയെ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യാതെ കഠിനമായ വ്യായാമം ചെയ്യുന്നത് അപകടകരമാണെന്നും കോവിഡ് ബാധിച്ച് ഒന്നോ രണ്ടോ വര്‍ഷക്കാലമെങ്കിലും കഠിനാധ്വാനത്തിലേര്‍പ്പെടരുതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് ഹൃദയാഘാതം ഒഴിവാക്കാനുള്ള മുന്‍കരുതലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.