ന്യൂഡൽഹി - ബാബാ രാംദേവിന്റെ പതഞ്ജലി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ അവകാശവാദങ്ങളോ പരസ്യങ്ങളിലൂടെ പാടില്ലെന്ന് കോടതി താക്കീത് നൽകി. ഇത്തരം പരസ്യങ്ങൾ നൽകിയാൽ ഓരോ പരസ്യങ്ങൾക്കും ഒരു കോടി രൂപ വീതം പിഴ ചുമത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പതഞ്ജലി പരസ്യങ്ങൾക്കെതിരെ ഇന്ത്യയിലെ ഡോക്ടർമാരുടെ സംഘടനായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കാൻ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സുപ്രിംകോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.
ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പതഞ്ജലി ഉൽപ്പന്നങ്ങൾക്കെതിരെ നേരത്തെ കേസുകളുണ്ടായിരുന്നു. ആയുർവേദത്തെ കൂടുതൽ ഉയർത്തിക്കാട്ടാനായി, ആധുനിക വൈദ്യശാസ്ത്രത്തെ ഇകഴ്ത്തിക്കാട്ടുകയാണ് പതഞ്ജലി പരസ്യങ്ങളിലൂടെ ചെയ്യുന്നതെന്നാണ് ഐ.എം.എയുടെ ആരോപണം. കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ അലോപ്പതി ഡോക്ടർമാർക്ക് പാളിച്ച പറ്റിയെന്നും മറ്റും പതഞ്ജലി പ്രചരിപ്പിച്ചിരുന്നു.